ചൈനയിൽ കുട്ടികൾക്കിടയിൽ ശ്വാസകോശരോഗം വ്യാപിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിലെ 5 സംസ്ഥാനങ്ങളിലെ ആരോഗ്യവകുപ്പ് ജാഗ്രത നിർദ്ദേശം നൽകി. കർണാടക, ഉത്തരാഖണ്ഡ്, രാജസ്ഥാൻ, ഗുജറാത്ത്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ ആരോഗ്യ വിഭാഗമാണ് മുൻകരുതൽ നിർദേശം നൽകിയിരിക്കുന്നത്. പൊതുജനാരോഗ്യവും ആശുപത്രികളുടെ തയ്യാറെടുപ്പുകളും സംബന്ധിച്ച് വിലയിരുത്തൽ നടത്താനാണ് നിർദേശം. സീസണൽ ഫ്ലൂ വ്യാപനത്തേക്കുറിച്ചും നിർദേശത്തിൽ പറയുന്നുണ്ട്. കുട്ടികൾ, മുതിർന്നവർ, ഗർഭിണികൾ, പ്രതിരോധശേഷി കുറഞ്ഞവർ, ദീർഘകാലം മരുന്ന് കഴിക്കുന്നവർ എന്നിവർ പ്രതേകം ശ്രദ്ധിക്കണമെന്നും നിർദ്ദേശമുണ്ട്. നിലവിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെങ്കിലും മുൻകരുതൽ തുടരണമെന്നും കേന്ദ്ര ആരോഗ്യവകുപ്പിന്റെ നിർദ്ദേശത്തിലുണ്ട്.