സ്തനാർബുദം ബാധിക്കാനുള്ള സാധ്യത വലിയതോതിൽ തടയുന്ന ഗുളികയുമായി; ബ്രിട്ടൺ ആരോഗ്യവിഭാഗം

സ്തനാർബുദം ബാധിക്കാനുള്ള സാധ്യത വലിയതോതിൽ തടയുന്ന ഗുളികയുമായി ബ്രിട്ടന്റെ ആരോഗ്യവിഭാഗം ,നാഷണൽ ഹെൽത്ത് സർവീസ്. സ്തനാർബുദ ചികിത്സയ്ക്ക് വർഷങ്ങളായി ഉപയോഗിക്കുന്ന അനാസ്ട്രസോൾ ഗുളികയാണിത്. അനാസ്ട്രസോളിന്റെ ഉപയോഗം ആർത്തവവിരാമം വന്നവരിൽ സ്തനാർബുദ സാധ്യത 50 ശതമാനത്തോളം കുറച്ചെന്ന് പരീക്ഷണത്തിൽ കണ്ടെത്തി. ഇതോടെ, ഈ ഗുളിക പ്രതിരോധമരുന്ന് എന്ന നിലയിൽ ഉപയോഗിക്കാൻ ബ്രിട്ടന്റെ മെഡിസിൻസ് ആൻഡ് ഹെൽത്ത്കെയർ പ്രോഡക്ട്സ് റെഗുലേറ്ററി ഏജൻസി അനുമതി നൽകി. സ്ത്രൈണ ഹോർമോണായ ഈസ്ട്രജന്റെ ഉത്പാദനത്തിനു സഹായിക്കുന്ന എൻസൈമായ അരോമാറ്റേസിനെ തടഞ്ഞാണ് അനാസ്ട്രസോൾ സ്തനാർബുദത്തെ പ്രതിരോധിക്കുന്നത്. മരുന്നിന്റെ ഉപയോഗലക്ഷ്യം മാറ്റിപ്പരീക്ഷിക്കുന്ന മെഡിസിൻസ് റീപർപ്പസിങ് പ്രോഗ്രാമിന് 2021-ൽ ബ്രിട്ടൻ തുടക്കമിട്ടിരുന്നു. ഈ പദ്ധതിപ്രകാരം നടത്തിയ പരീക്ഷണമാണ് അനാസ്ട്രസോളിനെ പ്രതിരോധമരുന്നാക്കാം എന്ന കണ്ടെത്തലിലെത്തിച്ചത്. ഈ പദ്ധതി പ്രകാരം ഉപയോഗലക്ഷ്യം മാറ്റിയ ആദ്യ മരുന്നാണിത്.