ഗായിക സയനോരയ്ക്ക് നേരെ എറണാകുളം റെയില്‍വേ സ്‌റ്റേഷനില്‍ കയ്യേറ്റശ്രമം

കൊച്ചി: എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ യൂബര്‍ ടാക്സി വിളിച്ച ഗായിക സയനോര ഫിലിപ്പിനും യൂബര്‍ ടാക്‌സി ഡ്രൈവര്‍ക്കും നേരെ കൈയ്യേറ്റ ശ്രമം. കൊച്ചിയിലെ ഓട്ടോ ഡ്രൈവറാണ് സയനോരയെയും ഡ്രൈവറെയും കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത്. ഫേസ്ബുക്ക് ലൈവിലൂടെ താരം തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഇന്ന് പുലര്‍ച്ചെ 4.30ഓടെയായിരുന്നു സംഭവം. ഡ്രൈവറെ സീറ്റില്‍ നിന്നു വലിച്ചു പുറത്തിറക്കാനും കയ്യേറ്റം ചെയ്യാനും ശ്രമിച്ചെന്നും ടാക്സിയില്‍ കയറാന്‍ ശ്രമിച്ച തന്നെ തടഞ്ഞതായും സയനോര ഫേസ്ബുക്ക് ലൈവില്‍ പറയുന്നു.

sayanora-philip-hit-songs

താന്‍ ഒച്ചവെച്ച് സംസാരിച്ചപ്പോഴാണ് അവര്‍ പിന്‍വാങ്ങിയത്. ഒറ്റയ്ക്കു യാത്ര ചെയ്ത തനിക്കു സ്ത്രീയെന്ന പരിഗണന പോലും നല്‍കിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മംഗലാപുരം വണ്ടിയില്‍ കണ്ണൂരില്‍ നിന്നു കൊച്ചിയില്‍ വന്നിറങ്ങിയതായിരുന്നു സയനോര.
നേരത്തേ, സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയ വിദ്യ എന്ന യുവതിക്കും സമാനമായ അനുഭവം നേരിട്ടിരുന്നു. സ്റ്റേഷനുള്ളില്‍ വാഹനം കയറ്റരുതെന്നും പ്രീപെയ്ഡ് വാഹനം ഉപയോഗിക്കണമെന്നും ആവശ്യപ്പെട്ടാണ് അന്ന് ഒരു വിഭാഗം ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ യാത്രക്കാരിയെ ഭീഷണിപ്പെടുത്തുകയും യൂബര്‍ ഡ്രൈവറെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തത്. സംഭവം ഏറെ വിവാദമായിരുന്നു. തുടര്‍ന്ന്, സ്റ്റേഷനുകളില്‍നിന്ന് സര്‍വീസ് നടത്തുന്നതില്‍നിന്ന് ആരെയും വിലക്കിയിട്ടില്ലെന്ന് ദക്ഷിണ റെയില്‍വേ പത്രക്കുറിപ്പ് ഇറക്കിയിരുന്നു.