ഹെഡ്ഫോണുകള് അമിതമായി ഉപയോഗിക്കുന്നവരില്‍ കേള്‍വി-സംസാര സംബന്ധമായ വൈകല്യങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ആശയവിനിമയസംബന്ധമായ വൈകല്യങ്ങളെക്കുറിച്ച് ഡല്‍ഹി എന്‍.സി.ആര് ഏരിയയിലും ജമ്മു കശ്മീരിലും നടത്തിയ സര്‍വേപ്രകാരമാണ് ഇന്ത്യന്‍ സ്പീച്ച് ആന്റ് ഹിയറിങ് അസോസിയേഷന്റെ പുതിയ റിപ്പോര്‍ട്ട്. 19-25 വയസ്സിനിടയില്‍ പ്രായമുള്ളവരില്‍ കേള്‍വിപ്രശ്നങ്ങള്‍ 41 ശതമാനത്തോളവും 26-60 പ്രായമുള്ളവരില്‍ 69 ശതമാനവും വര്‍ധിച്ചുവെന്നും പഠനത്തില്‍ കണ്ടെത്തി. ആശയവിനിമയസംബന്ധമായ വൈകല്യങ്ങള്‍ വര്‍ധിച്ചുവെന്നും എന്നാല്‍ ഇതേക്കുറിച്ചുള്ള അവബോധം കുറഞ്ഞുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മൊബൈല്‍ തലമുറയ്ക്കുള്ള മുന്നറിയിപ്പാണിതെന്നും ഹെഡ്ഫോണുകളില് അഭയം തേടുന്നത് കുറയ്ക്കണമെന്നും ആരോഗ്യവിദഗ്ധനും കേന്ദ്രആരോഗ്യമന്ത്രിയുടെ മുന്‍ഉപദേശകനുമായ ഡോ.രാജേന്ദ്ര പ്രതാപ് ഗുപ്ത പറഞ്ഞു. ഇവയുടെ ഉപയോഗം കുറയ്ക്കാത്തപക്ഷം ഹെഡ്ഫോണുകള്‍ക്കു പകരം ശ്രവണസഹായി വെക്കേണ്ട സാഹചര്യത്തിലേക്ക് എത്തുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.