ഉത്തരേന്ത്യയെ മുക്കിയ പേമാരിയിലും മണ്ണിടിച്ചിലിലും പെട്ട് വിവിധ ഇടങ്ങളിലായി രണ്ടു ദിവസത്തില്‍ 24 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, ജമ്മു കശ്മീര്‍, രാജസ്ഥാന്‍, ഡല്‍ഹി എന്നിവിടങ്ങളില്‍ അടുത്ത ദിവസങ്ങളിലും കനത്ത മഴ തുടരുമെന്നും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. ടൂറിസ്റ്റ് കേന്ദ്രമായ മണാലി മഴയില്‍ ഒറ്റപ്പെട്ടു. ഹിമാചലില്‍ കുടുങ്ങികിടക്കുന്നവരില്‍ 51 മലയാളികളുണ്ട്. ഹിമാചലില്‍ ആറുജില്ലകളില്‍ പ്രളയമുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. മിന്നല്‍ പ്രളയത്തിനു സാധ്യതയുള്ളതായും ജനങ്ങള്‍ പരമാവധി ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പു നല്‍കി. കുളുവില്‍ ബിയാസ് നദിയുടെ കരയിലുള്ള കെട്ടിടങ്ങള്‍ ഒലിച്ചുപോയി. കുളുവില്‍ ഇന്നും നാളെയും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.