തിരുവനന്തപുരം: ഇത്തവണത്തെ സംസ്ഥാന ഡോക്ടേഴ്‌സ് അവാര്‍ഡിന് പുതിയ മാര്‍ഗ്ഗരേഖ തയ്യാറാക്കാന്‍ തീരുമാനിച്ച് സര്‍ക്കാര്‍. കോവിഡ് സാഹചര്യത്തില്‍ മുന്‍ വര്‍ഷങ്ങളില്‍ ഡോക്ടര്‍മാര്‍ക്ക് അവാര്‍ഡ് നല്‍കിയിരുന്നില്ല. ഡോക്ടര്‍മാര്‍ക്കുള്ള അവാര്‍ഡിലും അവാര്‍ഡ് തുകയിലും മാറ്റം വരുത്താനും സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനായി മാര്‍ഗരേഖ തയ്യാറാക്കാന്‍ കമ്മിറ്റി രൂപീകരിച്ചതായും ആഗസ്റ്റ് 15ന് അവാര്‍ഡ് വിതരണം ചെയ്യുമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഡോക്ടര്‍മാരുടെ മികച്ച സേവനം ഉറപ്പാക്കാന്‍ സമൂഹത്തിന്റെ പിന്തുണയാവശ്യമാണെന്ന് ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.