തിരുവനന്തപുരം: സംസ്ഥാനത്ത് പടര്‍ന്നുപിടിക്കുന്ന പകര്‍ച്ചപ്പനിക്കെതിരെയുള്ള പ്രതിരോധത്തിന് കൂട്ടായി രംഗത്തിറങ്ങണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഡെങ്കിപ്പനിക്കെതിരേയും എലിപ്പനിക്കെതിരേയും അതീവ ജാഗ്രത വേണമെന്നും, ഡെങ്കിപ്പനി വ്യാപനം തടയാന്‍ കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി നടത്തണമെന്നും, ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കുന്നു എന്ന് തദ്ദേശ സ്ഥാപനങ്ങള്‍ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പ്രസ്താവനയിലൂടെ അറിയിച്ചു. പൊതുജനങ്ങള്‍ ഇക്കാര്യത്തില്‍ വ്യക്തിപരമായ ശ്രദ്ധ ചെലുത്തണമെന്നും, വീട്ടിനകത്തും പുറത്തും വെള്ളം കെട്ടിനില്‍ക്കുക, ചെടിച്ചട്ടികളിലും ഫ്രിഡ്ജിന്റെ ട്രെയിലും മറ്റും വെള്ളം കെട്ടിനില്‍ക്കുന്ന സാഹചര്യം എന്നിവ തടയണമെന്നും, തോട്ടം മേഖല, നിര്‍മ്മാണ സ്ഥലങ്ങള്‍, ആക്രിക്കടകള്‍, അതിഥി തൊഴിലാളികളുടെ താമസ സ്ഥലങ്ങള്‍ എന്നിവ പ്രത്യേകം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.