കോയമ്പത്തൂർ: സംസാര വൈകല്യമുള്ളവര്‍ക്ക് കണ്ണിന്റെ ചലനങ്ങളിലൂടെ ആശയവിനിമയം നടത്താന്‍ സഹായിക്കുന്ന ഇന്ത്യയിലെ ആദ്യ ഉപകരണം വികസിപ്പിച്ചെടുത്ത് അമൃത വിശ്വവിദ്യാപീഠത്തിലെ ഹ്യൂമാനിറ്റേറിയന്‍ ടെക്നോളജി ലാബിലെ ഗവേഷകര്‍. നേത്രവാദ് എന്ന് പേരിട്ടിരിക്കുന്ന ഈ ഉപകരണത്തില്‍ ക്യാമറ, ഡിസ്പ്ലേ, സ്പീക്കര്‍, കണ്ട്രോളര്, ഒരു തവണ ചാര്‍ജ് ചെയ്താല്‍ ആറ് മണിക്കൂര്‍ ഉപയോഗിക്കാവുന്ന റീചാര്‍ജാബിള്‍ ബാറ്ററി എന്നിവ ഉള്‍പ്പെടുന്നു. ശരണി എന്ന കസ്റ്റമൈസ് ചെയ്ത AI അല്‍ഗോരിതം മുഖേന ഉപയോക്താവിന്റെ കണ്ണ് അടയാളം ക്യാമറ തിരിച്ചറിയുന്നത് വഴി അക്ഷരമാലയായോ വാക്കോ വാക്യമായോ അത് പരിവര്‍ത്തനം ചെയ്യുന്നു. അതോടൊപ്പം തന്നെ കണ്ടെത്തിയ വാക്കും വാക്യങ്ങളും സ്ക്രീനില്‍ പ്രദര്‍ശിപ്പിക്കും. കൂടാതെ, സ്പീക്കറുകളിലൂടെയുള്ള ശബ്ദം രോഗിയുടെ വികാരങ്ങള്‍ മനസ്സിലാക്കാന്‍ മറ്റുള്ളവരെ സഹായിക്കുകയും, അതോടൊപ്പം രോഗിക്ക് മറ്റുള്ളവരോട് സംസാരിക്കാനുള്ള ഒരു തോന്നലും ലഭിക്കുന്നു. നിലവില്‍ ഇംഗ്ലീഷില്‍ സജ്ജീകരിച്ചിരിക്കുന്ന നേത്രവാദ്, മലയാളം, ഹിന്ദി തുടങ്ങിയ പ്രാദേശിക ഭാഷകളിലും ലഭ്യമാക്കും. രോഗിയുടെ സൗകര്യങ്ങള്‍ക്കായി ഏത് സ്ഥാനത്തും ക്രമീകരിക്കാന്‍ കഴിയുന്ന ഭാരം കുറഞ്ഞ ഉപകരണമാണ് നേത്രവാദ്. നേത്രവാദ് ഉപയോഗിക്കുന്നതിന് മുമ്പ് തന്നെ രോഗികള്‍ക്ക് വേണ്ട പരിശീലനം നല്‍കുകയും രോഗിയുടെ ആരോഗ്യസ്ഥിതിയെ ആശ്രയിച്ച് പരിശീലനത്തിന്റെ ദൈര്‍ഘ്യം വ്യത്യാസപ്പെടുകയും ചെയ്യുന്നു.