ലോങ്ങ് കോവിഡ് രോഗികള്‍ കാന്‍സര്‍, കിഡ്നി രോഗികളെക്കാള്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നതായി പഠനം

ലണ്ടൻ: ലോങ്ങ് കോവിഡ് രോഗികള്‍ കാന്‍സര്‍, കിഡ്നി രോഗികളെക്കാള്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നതായി പഠനം. ലണ്ടനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപിഡെമിയോളജി & ഹെല്‍ത്തിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. കോവിഡ് രോഗമുക്തരായ ചിലരില്‍ നിലനില്‍ക്കുന്ന ദീര്‍ഘകാല അനുബന്ധപ്രശ്‌നങ്ങളാണ് ലോങ് കോവിഡ്. ലോങ് കോവിഡ് ക്ലിനിക്കിലേക്ക് നിര്‍ദേശിച്ച 3,750 ലോങ് കോവിഡ് രോഗികളുടെ ആരോഗ്യവിവരങ്ങള്‍ ശേഖരിച്ചായിരുന്നു പഠനം. ഭൂരിഭാഗം പേര്‍ക്കും ഗൗരവകരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും പലരും കാന്‍സറിനു ശേഷമുള്ള അനീമിയയോ ഗുരുതരമായ കിഡ്‌നി രോഗമോ അനുഭവിക്കുന്നവരെപ്പോലെയോ അല്ലെങ്കില്‍ അവരേക്കാള്‍ അധികമോ ക്ഷീണം അനുഭവിക്കുന്നുണ്ടെന്നും പഠനത്തില്‍ പറയുന്നു. ലോങ് കോവിഡ് രോഗികളില്‍ പലരുടെയും ദൈനംദിന ജീവിതം സ്‌ട്രോക് രോഗികളേക്കാള്‍ മോശമോ പാര്‍ക്കിന്‍സണ്‍സ് രോഗികളുടേതിന് സമാനമോ ആണെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു. കോവിഡ് ബാധിച്ചവരില്‍ പതിനേഴു ശതമാനം പേര്‍ക്ക് ലോങ് കോവിഡ് ഉണ്ടാകാമെന്നും പഠനത്തില്‍ പറയുന്നു. ബി.എം.ജെ ഓപ്പണ്‍ എന്ന മാഗസിനിലാണ് ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്.