സംസ്ഥാനത്ത് കരൾ മാറ്റിവെയ്‌ക്കൽ ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുന്നത് 796 പേർ

തിരുവനന്തപുരം: സംസ്ഥാനത്ത് കരൾ മാറ്റിവെയ്‌ക്കൽ ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുന്നത് 796 പേർ. അവയവമാറ്റ ശസ്ത്രക്രിയ ഏകോപിപ്പിക്കുന്ന കേരള ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്‌പ്ലാന്റ് ഓർഗനൈസേഷനിൽ രജിസ്റ്റർ ചെയ്തവരുടെ കണക്കു പ്രകാരമാണിത്. ശസ്ത്രക്രിയാ ചെലവ് കൂടുതലായതിനാൽ രജിസ്റ്റർ ചെയ്യാത്തവരും നിരവധിയുണ്ട്. കൊഴുപ്പ് അടിഞ്ഞുള്ള കരൾ രോഗം മലയാളികളിൽ വ്യാപകമാണെന്ന് റിപ്പോർട്ടുകൾ. കരളിന്റെ ക്ഷമത ഭാഗികമായി നശിക്കുകയും ചികിത്സ ഫലം കാണാതെ വരുമ്പോഴുമാണ് കരൾമാറ്റി വെയ്‌ക്കൽ ശസ്ത്രക്രിയയ്ക്ക് ഡോക്ടർമാർ നിർദ്ദേശിക്കുന്നത്. എന്നാൽ കേരളത്തിൽ സർക്കാർ മേഖലകളിൽ രോഗികൾക്ക് ആനുപാതികമായി കരൾമാറ്റ ശസ്ത്രക്രിയ നടക്കുന്നില്ല. സംസ്ഥാനത്ത് 2012മുതൽ ഇതുവരെ 287ശസ്ത്രക്രിയകളാണ് നടന്നിട്ടുള്ളത്. ജീവിച്ചിരിക്കുന്നവർ തമ്മിലും മരണപ്പെട്ടയാളുടെ അവയവദാനത്തിലൂടെയും ഈ വർഷം നടന്നത് എട്ട് കരൾമാറ്റ ശസ്ത്രക്രിയകളാണ്. കോട്ടയം,തിരുവനന്തപുരം മെഡിക്കൽ കോളേജുകളാണ് നിലവിൽ സർക്കാർ മേഖലയിൽ കരൾമാറ്റിവയ്ക്കൽ രംഗത്തുള്ളത്. കോഴിക്കോട് മെഡിക്കൽ കോളേജിലും ഇതിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.