ഞാറക്കൽ: അടിസ്ഥാന സൗകര്യവികസനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അദ്ഭുതാവഹമായ പുരോഗതി സാധ്യമാക്കിയതായി മന്ത്രി എം.ബി രാജേഷ്. 2030ല്‍ സഫലമാക്കാന്‍ രാജ്യം ലക്ഷ്യമിട്ട മികവ് ഇതിനകം തന്നെ കേരളം നേടിക്കഴിഞ്ഞതായും അതിശക്തമായ പൊതുജനാരോഗ്യ സംവിധാനമാണ് സംസ്ഥാനത്തേതെന്നും മന്ത്രി പറഞ്ഞു. എറണാകുളം ഞാറക്കല്‍ താലൂക്ക് ആശുപത്രി പുതിയ ബ്ലോക്ക് കെട്ടിടവും ഉപരിതല കുടിവെള്ള സംഭരണിയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 5.13 കോടി രൂപ ചെലവഴിച്ച് ആധുനിക സൗകര്യങ്ങളോടുകൂടിയാണ് ആശുപത്രിയുടെ പുതിയ ബ്ലോക്ക് കെട്ടിടം പൂര്‍ത്തിയാക്കിയത്.