കെ.ബി ഗണേഷ് കുമാറിന്റെ ആരോപണത്തിന് മറുപടിയുമായി മെഡിക്കൽ കോളജ് ടീച്ചേഴ്‌സ് അസോസിയേഷൻ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയക്ക് എത്തിയ രോഗിയുടെ വയർ തുന്നാതെ തിരിച്ചയച്ചെന്ന കെ.ബി ഗണേഷ് കുമാറിന്റെ ആരോപണത്തിന് മറുപടിയുമായി മെഡിക്കൽ കോളജ് ടീച്ചേഴ്‌സ് അസോസിയേഷൻ. ചികിത്സയുടെ ഭാഗമായാണ് ഇങ്ങനെ ചെയ്തതെന്നാണ് മെഡിക്കൽ കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്റെ വിശദീകരണം. രോഗിക്ക് അണുബാധ രൂക്ഷമായിരുന്നതിനാൽ മുറിവ് തുറന്നിട്ട് പതുക്കെ ഉണങ്ങുന്ന ചികിത്സാരീതിയാണ് സ്വീകരിച്ചത്. ശാസ്ത്രീയമായ ചികിത്സാ രീതിയാണ് അതെന്നും അസോസിയേഷൻ ജനറൽ സെക്രട്ടറി പറഞ്ഞു. മുറിവിലെ പഴുപ്പ് പരിശോധിച്ചപ്പോൾ ആന്റിബയോട്ടിക്കിനെ പ്രതിരോധിക്കുന്ന രോഗാണു ഉണ്ടെന്ന് കണ്ടെത്തി. അതുകൊണ്ടാണ് പലതവണ ശസ്ത്രക്രിയ നടത്തിയിട്ടും മുറിവ് ഉണങ്ങാത്തത്. ഷീബയെ വീട്ടിലേക്ക് പറഞ്ഞയച്ചത് അണുബാധ ഏൽക്കാതിരിക്കാനാണ്. ഷീബയുടെ സമ്മതപ്രകാരമാണ് എല്ലാം ചെയ്തത്. ജനപ്രതിനിധികൾ ഉൾപ്പടെയുള്ളവർ കാര്യങ്ങൾ അറിയാതെ ആരോപണം ഉന്നയിക്കുന്നത് അവസാനിപ്പിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.