തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി സർക്കാർ, സ്വകാര്യ മേഖലയിലെ ഡോക്ടർമാർ ഈ മാസം 17ന് പണിമുടക്കും. രാവിലെ ആറ് മുതൽ വെെകിട്ട് ആറ് വരെയാണ് സമരം. ഒ പി വിഭാഗവും ഈ സമയം പ്രവർത്തിക്കില്ല. അടിയന്തര ശസ്ത്രക്രിയകൾ, അത്യാഹിത വിഭാഗം, ഐ സി യു എന്നിവയുടെ പ്രവർത്തനം തടസപ്പെടില്ലെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ അറിയിച്ചു. കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ച സംഭവത്തിൽ ഒരാഴ്ച പിന്നിട്ടിട്ടും നടപടി എടുക്കാത്തതിലും സംസ്ഥാനത്ത് ഡോക്ടർമാർക്കെതിരെ നടക്കുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ചുമാണ് സമരം. ചില ഡോക്ടർമാർ തല്ലുകൊള്ളേണ്ടവരാണെന്ന കെ ബി ഗണേഷ് കുമാർ എം എൽ എയുടെ പ്രസ്താവനയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഐ എം എ അറിയിച്ചു. ഫാത്തിമ ആശുപത്രിയിലെ സംഭവത്തിൽ ഡോക്ടർമാർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് എം എൽ എ പി ടി എ റഹീം ആരോഗ്യമന്ത്രിയ്ക്ക് കത്ത് നൽകി. കുന്ദമംഗലം സ്വദേശിയായ യുവതിയുടെ കുട്ടി മരിച്ച സംഭവത്തിൽ ഡോക്ടർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി കഴിഞ്ഞ ദിവസം ആശുപത്രിയ്ക്ക് മുന്നിൽ സമരം നടത്തിയിരുന്നു.