ഇടുക്കി: ഇടുക്കി മെഡിക്കല്‍ കോളജിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി മൂന്ന് കോടിയിലധികം രൂപ അനുവദിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ആശുപത്രിയിലേക്കാവശ്യമായ സാമഗ്രികളും മെഡിക്കല്‍ ഉപരണങ്ങളും വാങ്ങുന്നതിനായാണ് പണം അനുവദിച്ചത്. മെഡിക്കല്‍ കോളേജിലെ സൗകര്യങ്ങള്‍ ഉറപ്പുവരുത്തണമെന്ന് അധികൃതര്‍ക്ക് മന്ത്രി നിര്‍ദേശം നല്കി. ഹൈറേഞ്ചിലെ ആശുപത്രികളില്‍ മികച്ച ചികിത്സാ സൗകര്യം ഒരുക്കുന്നതിന് സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നത്. നിരവധി തവണ പ്രത്യേക യോഗങ്ങള്‍ ചേര്‍ന്നതിന് ശേഷമാണ് സര്‍ക്കാര്‍ തുക അനുവദിച്ചത്. സംസ്ഥാനത്തെ മറ്റ് മെഡിക്കല്‍ കോളേജുകളെ പോലെ ഇടുക്കി മെഡിക്കല്‍ കോളജിനേയും ഉന്നത നിലവാരത്തിലെത്തിക്കുകയാണ് ലക്ഷ്യമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. ആശുപത്രിയിലെ വിവിധ വിഭാഗങ്ങള്‍ക്കും ഹോസ്റ്റലുകള്ക്കുമാവശ്യമായ മെഡിക്കല്‍ സാമഗ്രികള്‍ വാങ്ങുന്നതിനുള്ള തുകയും ഇതില്‍ നിന്ന് ലഭിക്കും.