കൊച്ചി: തൊഴില്‍ പ്രതിസന്ധിമൂലം മടങ്ങിയെത്തുന്ന പ്രവാസികളുടെ ക്ഷേമം ഉറപ്പാക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി പദ്ധതികള്‍ കൈക്കൊള്ളണമെന്ന് എറണാകുളം ജില്ലാ പ്രവാസി അസോസിയേഷന്. പ്രവാസ ജീവിതത്തിനു ശേഷം കുടുംബ ബുദ്ധിമുട്ടുകള്‍ കൊണ്ട് കടക്കെണിയില്‍ ആയ പ്രവാസികള്‍ക്ക് ബിപിഎല്‍ ആനുകൂല്യം നല്‍കുക, ഭവന വിദ്യാഭ്യാസ വായ്പകള്‍ക്ക് സബ്സിഡി ആനുകൂല്യം നല്‍കുക തുടങ്ങിയ അത്യാവശ്യ പുനരധിവാസ പാക്കേജ് നടപ്പിലാക്കണമെന്നും അസോസിയേഷന് ആവശ്യപ്പെട്ടു. അംഗത്വ വിതരണ ഉത്ഘാടനം എല്‍ദോസ് കുന്നപ്പിള്ളി എം എല്‍ എ നിര്‍വഹിച്ചു. കാല്‍നൂറ്റാണ്ട് പിന്നിട്ട പ്രവാസിയും വ്യവസായിയുമായ പരീത് ക്രസ്റ്റലിനെ ചടങ്ങില്‍ ആദരിച്ചു.