റിയാദ്: സൗദിയില്‍ ബസ് ഡ്രൈവര്‍മാര്‍ തുടര്‍ച്ചയായി നാലര മണിക്കൂറിലധികം ജോലിചെയ്യുന്നതിനു വിലക്കേര്‍പ്പെടുത്തി പൊതുഗതാഗത അതോറിറ്റി. ഡ്രൈവര്‍മാരുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ടാണ് നടപടി. സാപ്ത്കോ ഉള്‍പ്പെടെയുള്ള ബസ് സര്‍വീസുകള്‍ ഇത് നിര്‍ബന്ധമായും പാലിക്കണം. റോഡപകടങ്ങള്‍ ഒഴിവാക്കുക, ഗതാഗത സേവനങ്ങളുടെ നിലവാരം ഉയര്‍ത്തുക, തൊഴിലാളിക്ക് മതിയായ വിശ്രമം ഉറപ്പാക്കുക എന്നതാണ് പുതിയ നീക്കത്തിന്റെ ലക്ഷ്യം. നിലവില്‍ നിയമം സംബന്ധിച്ച ഉത്തരവ് പ്രാബല്യത്തില്‍ ഉണ്ടെങ്കിലും നിയമം കര്‍ശനമായി നടപ്പാക്കാനാണ് പൊതു ഗതാഗത അതോറിറ്റിയുടെ നിര്‍ദ്ദേശം. നാലര മണിക്കൂര്‍ തുടര്‍ച്ചയായി ഡ്രൈവ് ചെയ്ത ശേഷം ഡ്രൈവര്‍മാര്‍ക്ക് 45 മിനിറ്റ് വരെ വിശ്രമം നിര്‍ബന്ധമാണ്. ദീര്‍ഘ ദൂര യാത്രാ റൂട്ടുകളില്‍ രണ്ടാം ഡ്രൈവര്‍ക്ക് വാഹനമോടിക്കാം. 24 മണിക്കൂറിനുള്ളില്‍ ഡ്രൈവിംഗ് ദൈര്‍ഘ്യം ഒമ്പത് മണിക്കൂറില്‍ കൂടാന്‍ പാടില്ല. ആഴ്ചയിലെ ഡ്രൈവിംഗ് ദൈര്‍ഘ്യം 56 മണിക്കൂറില്‍ കൂടരുതെന്നും ഉത്തരവില്‍ പറയുന്നു. 24 മണിക്കൂറിനിടെ ഡ്രൈവര്‍ക്ക് 11 മണിക്കൂറെങ്കിലും വിശ്രമം നല്‍കിയിരിക്കണം.ദീര്‍ഘ ദൂര ബസ്സുകളിലെ യാത്രക്കാര്‍ക്ക് ബസ്സുകളില്‍ വിശ്രമ സൗകര്യമുണ്ട്. പക്ഷേ ഇത് കണക്കിലെടുക്കില്ല. 24 മണിക്കൂറിനിടെ ബസ്സിന് പുറത്ത് താമസ സ്ഥലത്തുള്ള വിശ്രമ സമയം നല്‍കിയിരിക്കണം എന്നും അധികൃതര്‍ വ്യക്തമാക്കി.