കേരളത്തെ മയക്കുമരുന്ന് മുക്ത സംസ്ഥാനമാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ ലക്ഷ്യത്തോടെ സര്‍ക്കാര്‍ ആരംഭിക്കുന്ന ‘നോ ടു ഡ്രഗ്‌സ്’ ലഹരി വിരുദ്ധ ക്യാംപെയിനില്‍ മുഴുവന്‍ ജനങ്ങളും അണിനിരക്കണമെന്നും മുഖ്യമന്ത്രി ആഹ്വാനംചെയ്തു. ‘നോ ടു ഡ്രഗ്‌സ്’ ക്യാംപെയിനിന്റെ സംസ്ഥാന ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കൈറ്റ് വിക്ടേഴ്‌സ് ചാനല്‍ വഴി ഓണ്‍ലൈനായാണ് ഉദ്ഘാടന ചടങ്ങ് സംഘടിപ്പിച്ചത്.
കേരളത്തിന്റെ മുഖ്യമന്ത്രിയെന്നതിനെക്കാള്‍ കുഞ്ഞുങ്ങളോട് അവരുടെ ഒരു മുത്തച്ഛന്‍ എന്ന നിലയിലും അവരുടെ രക്ഷകര്‍ത്താക്കളോട് മുതിര്‍ന്ന ഒരു സഹോദരനെന്ന നിലയിലുമാണു സംസാരിക്കുന്നതെന്ന ആമുഖത്തോടെയാണു മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗം ആരംഭിച്ചത്. സ്‌നേഹനിര്‍ഭരവും ആരോഗ്യമുള്ളതുമായ തലമുറയെ കാണണമെന്ന മുതിര്‍ന്നവരുടെ ആഗ്രഹത്തെ തകര്‍ത്തുകളയുന്ന വിപത്താണു മയക്കുമരുന്നെന്ന് അദ്ദേഹം പറഞ്ഞു. ഇതില്‍ നിന്നു കുഞ്ഞുങ്ങളെ രക്ഷിക്കാനാകുന്നില്ലെങ്കില്‍ വരും തലമുറകളാകെ എന്നേക്കുമായി തകരും. സര്‍വനാശം ഒഴിവാക്കാന്‍ ഒരു നിമിഷം പോലും വൈകാതെ ജാഗ്രതയോടെ ഇടപെടണം.
മയക്കുമരുന്ന് വ്യക്തിയേയും കുടുംബത്തേയും കുടുംബ, സാമൂഹ്യ ബന്ധങ്ങളേയും അതുവഴി നാടിനെയും തകര്‍ക്കുന്നു. അതു മനുഷ്യനെ മനുഷ്യനല്ലാതാക്കുന്നു. മനുഷ്യനു സങ്കല്‍പ്പിക്കാന്‍പോലും കഴിയാത്ത ഹീനമായ കുറ്റകൃത്യങ്ങള്‍ ഇതിന്റെ ഫലമായി സമൂഹത്തില്‍ നടക്കുന്നു. ബോധാവസ്ഥയില്‍ ഒരാളും ചെയ്യാത്ത അതിക്രൂര അധമകൃത്യങ്ങള്‍ മയക്കുമരുന്നുണ്ടാക്കുന്ന മനോവിഭ്രാന്തിയില്‍ അവര്‍ ചെയ്യുന്നു. സ്വയം ഭാരമാവുന്ന, കുടുംബത്തിനും സമൂഹത്തിനും ഭാരമാവുന്ന, എല്ലാവരാലും വെറുക്കപ്പെടുന്ന, സ്വയം നശീകരിക്കാന്‍ വ്യഗ്രതകാട്ടുന്ന മനോവിഭ്രാന്തിയുടെ അവസ്ഥയിലേക്കാണു മയക്കുമരുന്നു നയിക്കുന്നത്. നാശം വിതയ്ക്കുന്ന ഈ മഹാവിപത്തിന് ഒരാളെപ്പോലും ഇനി വിട്ടുകൊടുക്കാനാവില്ല. പെട്ടുപോയവരെ എന്തു വിലകൊടുത്തും ഏതുവിധേനയും മോചിപ്പിച്ചെടുക്കുകയും വേണം. നാടിനെ, സമൂഹത്തെ രക്ഷിക്കാന്‍ ഇതല്ലാതെ വേറെ മാര്‍ഗ്ഗമില്ല. ഈ തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് ‘നോ റ്റു ഡ്രഗ്‌സ്’ എന്ന അതിവിപുലമായ ജനകീയ ക്യാമ്പയിന്‍ സര്‍ക്കാര്‍ ആരംഭിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.