പ്ലസ് വൺ പ്രവേശനത്തിന് പുതിയ നാല് ഇന മാനദണ്ഡം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നിയമസഭയില്‍ പ്രഖ്യാപിച്ചു. ജില്ലകളിൽ ഒഴിഞ്ഞു കിടക്കുന്ന ബാച്ചുകൾ കണ്ടെത്തി അവ ആവശ്യമുള്ള ജില്ലകളിലേക്ക് മാറ്റും, 20 ശതമാനം സീറ്റ് വർധിപ്പിച്ച ജില്ലകളിലെ സർക്കാർ സ്കൂളുകളിൽ 10 ശതമാനം സീറ്റ് കൂട്ടും, മാർജിനൽ സീറ്റ് വർധിപ്പിക്കാത്ത ജില്ലകളിൽ 10 ശതമാനം സീറ്റ് കൂട്ടും, സപ്ലിമെന്ററി അലോട്ട്മെന്റിന്റെ അടിസ്ഥാനത്തില്‍ സയന്‍സിന് താല്‍ക്കാലിക ബാച്ചുകള്‍ അനുവദിക്കും എന്നീ നാലിന് മാനദണ്ഡങ്ങളാണ് വിദ്യാഭ്യാസ മന്ത്രി സഭയിൽ അവതരിപ്പിച്ചത്.
അപേക്ഷകരുടെ എണ്ണം വർധിക്കുന്നത് പരിശോധിച്ചാകും പുതിയ ബാച്ചുകൾ അനുവദിക്കുകയെന്ന് മന്ത്രി നിയമസഭയെ അറിയിച്ചു. എല്ലാ കുട്ടികൾക്കും പ്ലസ് വണ്‍ പ്രവേശനം കിട്ടുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. താലൂക്ക്, സ്ക്കൂള് അടിസ്ഥാനത്തില്‍ ഒഴിവുള്ള പ്ലസ് വണ്‍ സീറ്റിന്റെ കണക്കെടുത്തതായും അന്‍പത് താലൂക്കുകളില്‍ സീറ്റ് കുറവ് അനുഭവപ്പെട്ടതായും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.