പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി. നാല് ദശലക്ഷം ഇന്ത്യൻ-അമേരിക്കൻസ് എല്ലാ ദിവസവും അമേരിക്കയെ ശക്തമാക്കുന്നതായി ജോ ബൈഡൻ പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളാണ് ഇന്ത്യയും അമേരിക്കയും. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തവും ദൃഢവുമാകുമെന്നും ബൈഡൻ കൂട്ടിച്ചേർത്തു.
ക്വാഡ് എന്നറിയപ്പെടുന്ന ഇന്തോ-പസഫിക് സഖ്യത്തിന്റെ നേതാക്കളുടെ ആദ്യ നേരിട്ടുള്ള ഒത്തുചേരലിന്റെ ഭാഗമായാണ് പ്രധാനമന്ത്രി മോദി ബൈഡനെ കാണുന്നത്. വൈറ്റ് ഹൗസിൽ വെച്ച് ജപ്പാനിലെയും ഓസ്ട്രേലിയയിലെയും പ്രധാനമന്ത്രിമാരുമായും അദ്ദേഹം കൂടിക്കാഴ്ച്ച നടത്തും. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള കൂടുതൽ ശക്തമായ സൗഹൃദത്തിന് വിത്ത് പാകിയിട്ടുണ്ടെന്ന് നരേന്ദ്ര മോദിയും പറഞ്ഞു. ഇന്ത്യ-അമേരിക്ക ബന്ധം കൂടുതൽ വിപുലമാക്കാൻ ഇരു രാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണെന്ന് ജോ ബൈഡനും നരേന്ദ്ര മോദിയും പറഞ്ഞു.
ഇന്തോ പസഫിക് മേഖലയുടെ സമാധാനത്തിനും വികസനത്തിനും ക്വാഡ് സഹായകരമെന്ന് മോദി ചൂണ്ടിക്കാട്ടി. ക്വാഡ് രാജ്യങ്ങളിലെ വിദ്യാർഥികൾക്ക് അമേരിക്കയിൽ തുടർ വിദ്യാഭ്യാസത്തിനായി പുതിയ ഫെല്ലോഷിപ്പ് പദ്ധതിയും അമേരിക്ക പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയിൽ നൂറു കോടി വാക്സീൻ ഉൽപ്പാദിപ്പിക്കാൻ അമേരിക്കയും ജപ്പാനും സാമ്പത്തിക സഹായം നൽകുമെന്ന് പ്രസിഡന്റ് ബൈഡൻ ക്വാഡ് ഉച്ചകോടിയിൽ പറഞ്ഞു.