പാരാലിംപിക്സിൽ വെള്ളി നേടി ഇന്ത്യയുടെ പ്രവീൺ കുമാർ

ടോക്യോ പാരാലിംപിക്സിൽ വെള്ളി മെഡല്‍ കരസ്ഥമാക്കി ഇന്ത്യയുടെ പ്രവീൺകുമാർ. ഇതോടെ ഇന്ത്യയുടെ പാരാലിംപിക്‌സിലെ മെഡല്‍ നേട്ടം 11 ആയി ഉയര്‍ന്നു. പുരുഷന്മാരുടെ ടി 64 ഹൈജംപ് മത്സരത്തിലാണ് പ്രവീണ്‍ കുമാർ വെള്ളി മെഡല്‍ സ്വന്തമാക്കിയത്. 2.07 മീറ്റര്‍ ചാടിയ പ്രവീൺ ഏഷ്യന്‍ റെക്കോഡും സ്വന്തമാക്കി.

ആദ്യ ശ്രമത്തില്‍ 1.83 മീറ്ററും പിന്നീട് അത് 1.97 മീറ്റർ, 2.01 മീറ്റർ, 2.07 മീറ്റർ എന്നിങ്ങനെ ചാടിക്കടന്നാണ് പ്രവീണ്‍ അഭിമാന താരമായി മാറിയത്. ബ്രിട്ടന്റെ ജൊനാതന്‍ ബ്രൂം എഡ്വാര്‍ഡ്‌സ് ആണ് ഈ ഇനത്തില്‍ സ്വര്‍ണം നേടിയത്. പോളണ്ടിന്റെ ലെപ്പിയാറ്റോയ്ക്കാണ് വെങ്കലം. രണ്ട് സ്വര്‍ണവും ആറ് വെള്ളിയും മൂന്ന് വെങ്കലവുമാണ് ഇന്ത്യയ്ക്ക് ഇതുവരെ ലഭിച്ചത്. പാരാലിംപിക്സിന്റെ ചരിത്രത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച് 36-ാം സ്ഥാനത്താണ് നിലവില്‍ ഇന്ത്യ.