കോവിഡ് രോഗവ്യാപനം: ടിപിആര്‍ 18ന് മുകളിലുള്ള പ്രദേശങ്ങളില്‍ കൂടുതല്‍ നിയന്ത്രണം

തിരുവനന്തപുരം : ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18 ശതമാനത്തിന് മുകളിലുള്ള പ്രദേശങ്ങളെ ഡി വിഭാഗത്തില്‍ ഉള്‍പ്പെടുത്തി കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എണ്‍പത് ഇടത്താണ് ടിപിആര്‍ 18 ശതമാനത്തിന് മുകളിലുള്ളത്. ടിപിആര്‍ ആറ് ശതമാനത്തിന് താഴെയുള്ള പ്രദേശങ്ങളെ എ വിഭാഗത്തിലും ആറിനും പന്ത്രണ്ടിനുമിടയിലുള്ള പ്രദേശങ്ങളെ ബി വിഭാഗത്തിലും പന്ത്രണ്ടിനും പതിനെട്ടിനുമിടയിലുള്ള സ്ഥലങ്ങളെ സി വിഭാഗത്തിലും ഉള്‍പ്പെടുത്തും.

നിലവിലുള്ള നിയന്ത്രണങ്ങളില്‍ അയവു വരുത്തേണ്ട സാഹചര്യം ഇല്ല. ഈ മഹാമാരിയില്‍ സമൂഹം നേരിടുന്ന ഒരു പ്രധാന പ്രശ്നം ഉറ്റവര്‍ മരണമടയുമ്പോള്‍ മൃതശരീരം അടുത്ത് കാണാന്‍ പോലും പലപ്പോഴും കഴിയുന്നില്ല എന്നതാണ്. മൃതശരീരം നിശ്ചിത സമയം വിട്ടില്‍ കൊണ്ടുപോയി ബന്ധുക്കള്‍ക്ക് കാണാനും പരിമിതമായ മതാചാരം നടത്താനും അനുവദിക്കണം എന്നാണ് സര്‍ക്കാര്‍ കരുതുന്നത്. ഒരുമണിക്കൂറില്‍ താഴെ ഇതിനായി അനുവദിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.ബസുകളില്‍ പരിധിയില്‍ കൂടുതല്‍ യാത്രക്കാര്‍ പാടില്ല. റൂട്ടിന്റെ പ്രത്യേകത കണക്കാക്കി ഇപ്പോഴത്തെ സാഹചര്യത്തില്‍ ആവശ്യത്തിന് ബസ്സുകള്‍ ഓടിക്കാന്‍ കലക്ടര്‍മാര്‍ നടപടിയെടുക്കും.

അന്തര്‍സംസ്ഥാന യാത്രികര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതണമെന്ന നിബന്ധനപ്രകാരം നിലവില്‍ എയര്‍പോര്‍ട്ടുകളില്‍ ഫലപ്രദമായ പരിശോധനാ സംവിധാനമുണ്ട്. മൂന്നാംവ്യാപനം പ്രതീക്ഷിക്കപ്പെടുന്ന പശ്ചാത്തലത്തില്‍ റെയില്‍വേ സ്റ്റേഷനുകളിലും അതിര്‍ത്തി ചെക്ക്പോസ്റ്റുകളിലും പരിശോധനാസംവിധാനം ശക്തിപ്പെടുത്താന്‍ തീരുമാനിച്ചു. ടിപിആര്‍ 12 വരെയുള്ള പ്രദേശങ്ങളില്‍ ഓട്ടോറിക്ഷ ഓടാന്‍ അനുവദിക്കും. പുറത്തിറങ്ങുന്നവര്‍ എന്‍ 95 മാസ്‌കോ, ഡബിള്‍ മാസ്‌കോ ഉപയോഗിക്കണം. ഓഫീസുകളിലും സ്ഥാപനങ്ങളിലും മാസ്‌ക് നിര്‍ബന്ധമാണ്. ജനിതകമാറ്റം വന്ന വൈറസിന്റെ വ്യാപനം നിലനില്‍ക്കുന്നതിനാല്‍ ഓഫീസുകളിലും വ്യാപാര സ്ഥാപനങ്ങളിലും വലിയ വ്യാപനം ഒഴിവാക്കാന്‍ എല്ലാവരും പ്രത്യേകമായി ശ്രദ്ധിക്കേണ്ടതാണ്. സ്ഥാപനങ്ങളില്‍ തിരക്ക് അനുവദിക്കരുത്. പൊതുസ്ഥലത്ത് പുലര്‍ത്തുന്ന ശ്രദ്ധ മിക്കയാളുകളും സ്വന്തം വീടുകളിലോ ജോലി സ്ഥലത്തോ കാണിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.