ലോക്ക്ഡൗണ്‍: കുട്ടികളുടെ സമ്മര്‍ദ്ദമകറ്റാന്‍ ചിരിയിലൂടെ കുട്ടിപ്പോലീസ്

കോവിഡ് കാലത്ത് ലോക്ക്ഡൗണ്‍ മൂലമുള്ള ഒറ്റപ്പെടലും പിരിമുറുക്കവും സമ്മര്‍ദ്ദങ്ങളും അതിജീവിക്കുന്നതിന് കുട്ടികളെ സഹായിക്കാന്‍ ചിരിയുമായെത്തുകയാണ് ജില്ലയിലെ കുട്ടിപ്പൊലീസ്. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം, ചിരി പദ്ധതിയുടെ രണ്ടാം ഘട്ടം ജില്ലയിലും തുടങ്ങി. മാനസിക പിരിമുറുക്കം അനുഭവിക്കുന്ന കുട്ടികളെ കണ്ടെത്തി, ഈ പദ്ധതിയിലൂടെ ആശ്വാസം എത്തിക്കുകയാണ് ലക്ഷ്യം.

കഴിഞ്ഞദിവസം ഓണ്‍ലൈന്‍ ആയി നടന്ന യോഗത്തില്‍ ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി രണ്ടാം ഘട്ടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. അഡിഷണല്‍ എസ് പി ആര്‍. രാജന്റെ മേല്‍നോട്ടത്തില്‍, പദ്ധതിയുടെ ജില്ലാ നോഡല്‍ ഓഫീസറും നര്‍കോട്ടിക് സെല്‍ ഡിവൈഎസ്പിയുമായ ആര്‍. പ്രദീപ് കുമാറിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. വീടുകളില്‍ കുട്ടികളുടെ എല്ലാ തരത്തിലുമുള്ള സുരക്ഷയും ഈ പദ്ധതിയിലൂടെ പോലീസ് ഉറപ്പാക്കുമെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.

പദ്ധതിയുടെ ജില്ലാ തല ഹെല്‍പ്‌ഡെസ്‌ക് വിപുലീകരിക്കാനും തീരുമാനമായി. മാനസിക ഉല്ലാസത്തിനായി കുട്ടികള്‍ക്ക് 9497900200 എന്ന നമ്പറിലേക്ക് വിളിക്കാം. ഓണ്‍ലൈന്‍ മീറ്റിംഗില്‍ അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ സുരേഷ്‌കുമാര്‍, ജനമൈത്രി അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ എ. ബിനു, മനോരോഗ വിദഗ്ധ ഡോക്ടര്‍ എസ്. നയന, സൈക്കോളജിസ്റ്റുമാരായ അനൂപ്, അശ്വതി, പ്രീനു, നീതു, മെന്റര്‍മാരായ ലിബിന്‍ കുഞ്ഞുമോന്‍, ഷെരീഫ്, ഫിലിപ്പ് ജോര്‍ജ്, സുസ്മിത, രെഞ്ചു വര്‍ഗീസ്, പിയര്‍ മെമ്പര്‍മാര്‍, റെസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികളായ രാജാശേഖരന്‍ നായര്‍, വിദ്യാസാഗര്‍, എം.ജി.എസ്. കുറുപ്പ്, ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലെയും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.