കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ നടത്തിപ്പിനായി സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പിന് കീഴില്‍ ആരംഭിച്ച സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയുടെ ഔദ്യോഗിക ഉദ്ഘാടനം ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ നിർവഹിച്ചു.
കേരളത്തിലെ സാധാരണ ജനങ്ങള്‍ ഇന്ന് അഭിമുഖീകരിക്കുന്ന മുഖ്യ പ്രശ്നങ്ങളിലൊന്നാണ് അനുദിനം വര്‍ധിച്ചുവരുന്ന ചികിത്സാ ചിലവ്. മികച്ച പൊതുജനാരോഗ്യ സംവിധാനങ്ങളും സേവനവും ഒരുക്കിയാണ് ഇതിനൊരു പരിഹാരം കണ്ടത്. ആരോഗ്യ മേഖലയിലെ ഒരു നിര്‍ണായക ചുവടുവെപ്പാണ് സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയുടെ രൂപീകരണമെന്ന് ശൈലജ ടീച്ചർ വ്യക്തമാക്കി. സാധാരണ ജനങ്ങളുടെ ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുന്നതിനായി വ്യത്യസ്ത വകുപ്പുകള്‍ നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികള്‍ ഒരു കുടക്കീഴില് ഏകോപിപ്പിച്ച് കാര്യക്ഷമമായി നടപ്പിലാക്കുകയാണ് സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി ചെയ്യുന്നത്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി, കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതി എന്നിവയുടെ നടത്തിപ്പ് ചുമതല ഹെല്‍ത്ത് ഏജന്‍സിക്കാണ്.
കോവിഡ് മഹാമാരി ചെറുത്തുനില്‍ക്കുന്നതിനായി ഏജന്‍സി സ്വീകരിച്ച നടപടികള്‍ സംസ്ഥാന ആരോഗ്യ വകുപ്പിന് തന്നെ വലിയ ആശ്വാസമാണ് നല്‍കിയതെന്നും ശൈലജ ടീച്ചർ അറിയിച്ചു. സ്വകര്യ ആശുപത്രികളെ കോവിഡ് ചികിത്സക്കായി മുന്നോട്ട് കൊണ്ടുവരുന്നതിനായി സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയുടെ നേതൃത്വത്തില്‍ സ്വാകാര്യ ആശുപത്രി മാനേജ്മെന്റുകളുമായി വിവിധ ചര്‍ച്ചകള്‍ നടത്തുകയും കോവിഡ് ചികിത്സക്കായി ഏകീകൃത കോവിഡ് നിരക്ക് നിജപ്പെടുത്തുകയും ചെയ്തിരുന്നു എന്ന് ശൈലജ ടീച്ചർ വ്യക്തമാക്കി.