മരുന്ന് കമ്പനി ആയ അസ്ട്രാസെനക്കയും ഓക്സ്ഫോഡ് സർവകലാശാലയും ചേർന്ന് വികസിപ്പിച്ച് ഇന്ത്യയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ടിൽ ഉല്പാദിപ്പിക്കുന്ന വാക്സിൻ ഇനി സൗദി അറേബ്യയ്ക്ക് കൂടി നൽകും. ഒരാഴ്ച്ച മുതൽ പരമാവധി 10 ദിവസത്തിനുള്ളിൽ വാക്സിൻ ഡോസുകൾ സൗദിക്ക് കയറ്റി അയയ്ക്കുമെന്ന് സീറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഓ അദാർ പൂനാവല്ല വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനോട് പറഞ്ഞു.
5.25 യുഎസ് ഡോളർ നിരക്കിൽ 30 ലക്ഷം ഡോസുകളാണ് സൗദിക്ക് നൽകുകയെന്നും അതേസമയം യൂറോപ്പിലേക്ക് വാക്സിൻ അയക്കില്ലെന്നും അങ്ങനെ ചെയ്താൽ ഇന്ത്യയിലേയും ആഫ്രിക്കയിലേയും വാക്സിൻ വിതരണത്തെ ബാധിക്കുമെന്നും അദാർ വ്യക്തമാക്കി. നിലവിൽ 2.4 മില്യൺ ഡോസുകളാണ് സീറം ഇൻസ്റ്റിറ്റ്യൂട്ടിൽ ദിനം പ്രതി ഉല്പാദിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇത് മാർച്ച് അവസാനത്തോടെ 30% ആയി വർധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.