കോവിഡ് രോഗവ്യാപന പരിഭ്രാന്തിയിൽ മനുഷ്യത്വം മരവിച്ചവർ ആവുകയാണോ നമ്മൾ? കോവിഡിനെതിരെയുള്ള ഒത്തൊരുമിച്ച പോരാട്ടത്തിലാണ് ഇന്നു നമ്മുടെ ലോകജനത. എന്നാൽ ഈ ഘട്ടത്തിലും മനുഷ്യത്വരഹിതമായ ഒത്തിരി സംഭവങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ് നമ്മുടെ നാട്ടിൽ. കോവിഡ് ബാധിച്ചു മരിച്ച വ്യക്തികളോടുള്ള അനാദരവും, മോശസമീപനവും ഇതിലൊന്നാണ്. ഇതെല്ലം മനുഷ്യരുടെ അജ്ഞത കൊണ്ടുണ്ടാകുന്ന കാര്യങ്ങൾ ആണ്.

മരിച്ചവരുടെ മൃതദേഹങ്ങളിൽ നിന്നും കോവിഡ് പകരും എന്നുള്ള തെറ്റായധാരണത്തിലൂടെ മരിച്ചവരുടെ ശവസംസ്‌കാരം പോലും തടസപ്പെടുകയാണ്. കോവിഡ് ബാധിച്ചു മരിച്ചയാളുടെ ശവസംസ്‍കാരം എങ്ങനെ നടത്തണം? ഇതിനായി ചില പ്രതേക മാർഗനിർദ്ദേശങ്ങളും, ചിട്ടകളും സർക്കാർ ഏർപെടുത്തിയിട്ടുണ്ട്. കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് ശാസ്ത്രീയമാർഗങ്ങളിലൂടെ മൃതദേഹം ദഹിപ്പിക്കുകയോ, ആഴമുള്ള കുഴികളിൽ അടക്കം ചെയ്യുകയോ ചെയ്താൽ രോഗം മറ്റുള്ളവരിലേക്ക് പകരുകയില്ല. കേന്ദ്ര-സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ഇത്തരം ശവസംസ്‌കാരം ആരും തടസപ്പെടുത്താൻ പാടുകയില്ല. തിരുവനന്തപുരത്തും, കോട്ടയത്തും നേരിട്ടതുപോലുള്ള തടസപ്പെടുത്തലുകളോ, അപവാദപ്രചരണങ്ങളോ ഉണ്ടായാൽ അത് കുറ്റകരവും നിയമവിരുദ്ധവുമാണ്. സംസ്‌കാരനടപടികൾ ചെയ്യുന്നവർ വ്യക്തിഗത സുരക്ഷാമാർഗങ്ങൾ സ്വീകരിക്കുകയും, ഉറപ്പുവരുത്തുകയും ചെയ്യണം. സംസ്കാരചടങ്ങുകളിൽ അത്യാവശ്യം വേണ്ട ആളുകൾ മാത്രമേ പങ്കെടുക്കാൻ പാടുകയുള്ളു.

മൃതദേഹം കുളിപ്പിക്കൽ, ആലിംഗനം ചെയ്യൽ തുടങ്ങിയ മതപരമായതോ അല്ലാത്തതോ ആയ ഒരു കർമങ്ങളും കാര്യങ്ങളും അനുവദനീയമല്ല. രോഗം ബാധിച്ചു മരിച്ചയാളുടെ മൃതദേഹം കത്തിക്കുന്നതിലൂടെ വരുന്ന പുകയിലൂടെ രോഗം പകരും എന്നത് തികച്ചും മിഥ്യാധാരണയാണ്, മൃതദേഹം കത്തിക്കുന്നതാണ് ഏറ്റവും സുരക്ഷിതമായ മാർഗം.

അശാസ്ത്രീയവും, അജ്ഞാതവുമായ പ്രചാരണങ്ങളിൽ വിശ്വസിക്കരുത്. ഓർക്കുക അജ്ഞാത ഒഴിവാക്കി വിവേകത്തോടെ നാം പ്രവർത്തിക്കേണ്ട സമയമാണിത്.