കോവിഡ് 19 വൈറസിന്റെ മറുമരുന്ന് ദേശീയ ഐക്യവും ആഗോള ഐക്യദാർഢ്യവുമാണ്. ചില ആളുകൾ സുരക്ഷിതരും മറ്റു ചിലർ കോവിഡ് ഭീതിയിലും ജീവിക്കുന്ന ഒരു ലോകം നമുക്ക് അംഗീകരിക്കാൻ കഴിയില്ല. എല്ലാവരേയും സംരക്ഷിക്കണം. നമ്മളെല്ലാവരും സുരക്ഷിതരാകുന്നതുവരെ നമ്മളാരും സുരക്ഷിതരല്ല’ – ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ഡോക്ടർ ടെഡ്രോസ് അദനോം
കോവിഡ് 19 എന്ന പൊതു ഭീഷണിയെ നേരിടാനും ഏറ്റവും ഉയർന്ന ആരോഗ്യ നിലവാരമുള്ള ഒരു പൊതു ഭാവി സൃഷ്ടിക്കാനും ലോകത്തിന് ഒത്തുചേരാനുള്ള ഒരു അവസരം ആണിതെന്ന് ടെഡ്രോസ് പറഞ്ഞു. എന്നാൽ യഥാർത്ഥത്തിൽ വിജയം എന്നത് കോവിഡിനെതിരെ നമുക്ക് എത്ര വേഗത്തിൽ സുരക്ഷിതവും ഫലപ്രദവുമായ ഉപകരണങ്ങൾ വികസിപ്പിക്കാൻ കഴിയുമെന്നത് മാത്രമല്ല, അവ എത്രത്തോളം തുല്യമായി വിതരണം ചെയ്യാമെന്നതും ആയിരിക്കണം. വാക്സിനുകൾ, ഡയഗ്നോസ്റ്റിക്സ്, ചികിത്സകൾ എന്നിവയുടെ വികസനവും ഉൽപാദനവും ത്വരിതപ്പെടുത്തുന്നതിനും അവയുടെ തുല്യമായ വിതരണം ഉറപ്പാക്കുന്നതിനും എല്ലാ രാജ്യങ്ങളുമായും പങ്കാളികളുമായും പ്രവർത്തിക്കാൻ ലോകാരോഗ്യ സംഘടന പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോവിഡ് 19 നെതിരെയുള്ള വാക്സിനുകൾ, ചികിത്സകൾ, ഡയഗ്നോസ്റ്റിക്സ് എന്നിവയുടെ വികസനം, ഉത്പാദനം, തുല്യമായ വിതരണം എന്നിവ പിന്തുണയ്ക്കുന്നതിനായി പത്ത് ദിവസം മുമ്പ് ACT ആക്സിലറേറ്റർ ആരംഭിച്ചതായി അദനോം പറഞ്ഞു. വാക്സിനുകൾ, ഡയഗ്നോസ്റ്റിക്സ്, ചികിത്സകൾ എന്നിവയുടെ ഗവേഷണത്തിനും വികസനത്തിനുമായി ലോകമെമ്പാടുമുള്ള 40 രാജ്യങ്ങളിൽ നിന്നുള്ള നേതാക്കൾ ഏകദേശം 740 കോടി ഡോളർ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ആഗോള ഐക്യദാർഢ്യത്തിന്റെ ശക്തവും പ്രചോദനാത്മകവുമായ പ്രകടനമായിരുന്നു ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ന് കൈ ശുചിത്വ ദിനം ആണ്. കോവിഡിനെ പ്രതിരോധിക്കാനുള്ള ഏറ്റവും മികച്ച മാർഗങ്ങളിൽ ഒന്നാണ് വൃത്തിയുള്ള കൈകൾ. കൈകൾ വൃത്തിയാക്കുന്ന ലളിതമായ പ്രവർത്തനം ജീവിതവും മരണവും തമ്മിലുള്ള വ്യത്യാസമാണെന്നും കോവിഡിനും മറ്റ് പല രോഗങ്ങൾക്കും എതിരെ വ്യക്തികളെയും കുടുംബങ്ങളെയും സമൂഹങ്ങളെയും സംരക്ഷിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട പൊതുജനാരോഗ്യ നടപടികളിലൊന്നാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
ഈ പകർച്ചവ്യാധി സമയത്ത് മറ്റുള്ളവരുടെ ജീവൻ രക്ഷിക്കുന്നതിനായി സ്വന്തം ജീവൻ പണയപ്പെടുത്തുന്ന ആരോഗ്യ പ്രവർത്തകർക്ക് പ്രത്യേകം നന്ദി പറയണമെന്നും അദനോം ആവശ്യപ്പെട്ടു.