സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഉത്തരവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ വിധി അനുസരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോടതി വിധി വിശദമായി പരിശോധിച്ചതിന് ശേഷം തുടർനടപടി സ്വീകരിക്കുമെന്നും അപ്പീൽ പോകുന്ന കാര്യം വിധി പരിശോധിച്ചതിനുശേഷം തീരുമാനിക്കുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഉത്തരവിന് 2 മാസത്തേക്കാണ് ഹൈക്കോടതി സ്റ്റേ അനുവദിച്ചിരിക്കുന്നത്. വിധി പരിശോധന നടത്തിയതിനുശേഷം മാത്രമേ എന്തെങ്കിലും പറയാൻ സാധിക്കുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ ഉത്തരവ് കത്തിച്ച അധ്യാപകർ സൈബർ ആക്രമണത്തിന് വിധേയരാവുന്നു എന്ന വിഷയത്തിൽ അധ്യാപകരെ മൊത്തമായി ആരും ആക്ഷേപിക്കില്ലെന്നും അധ്യാപകർ നമ്മുടെ ഗുരുനാഥന്മാരാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ചിലർ അധ്യാപകരുടെ സ്ഥാനത്തിന് യോജിക്കാത്ത കാര്യങ്ങൾ ചെയ്യുമ്പോൾ പൊതുജനങ്ങളുടെ ഭാഗത്ത് നിന്നും അതിനെപ്പറ്റി വിമർശനമുയരുമെന്നും അത് സ്വാഭാവികമാണെന്നും മുഖ്യമന്ത്രി അറിയിച്ചു.