ആരോഗ്യ സേതു ആപ്പിന്റെ ആവശ്യകത?

അറിഞ്ഞോ അറിയാതെയോ അടുത്തിടപഴകിയവരിൽ ആർക്കെങ്കിലും കോവിഡ് സ്ഥിരീകരിക്കപ്പെട്ടാൽ അതും മുന്നറിയിപ്പായി ആരോഗ്യ സേതു വഴി ലഭ്യമാകും.

ഇന്ത്യയിൽ കോവിഡ് വൈറസ് പടർന്നു പിടിക്കുന്നതിനെ ചെറുക്കുന്നതിനായി സർക്കാർ പുറത്തിറക്കിയ ‘ആരോഗ്യ സേതു’ ട്രാക്കിംഗ് അപ്ലിക്കേഷൻ ഏറെ പ്രാധാന്യമുള്ളതാണ്. 11 ഭാഷകളിൽ അപ്ലിക്കേഷൻ ലഭ്യമാണ്. കോവിഡ് സ്ഥിരീകരിച്ച ആളുമായോ സ്ഥിരീകരിക്കപ്പെട്ടേക്കാവുന്ന ആളുമായോ ഉള്ള നിങ്ങളുടെ ഇടപഴകൽ ബ്ലൂടൂത്ത്, ജിപി എസ് എന്നീ സാങ്കേതിക വിദ്യ ഉപയോഗിച്ച് സൃഷ്‌ടിച്ച ഒരു സോഷ്യൽ ഗ്രാഫ് മുഖേന ആരോഗ്യ സേതു ട്രാക്ക് ചെയ്യും.

അറിഞ്ഞോ അറിയാതെയോ അടുത്തിടപഴകിയവരിൽ ആർക്കെങ്കിലും കോവിഡ് സ്ഥിരീകരിക്കപ്പെട്ടാൽ അതും മുന്നറിയിപ്പായി ആരോഗ്യ സേതു വഴി ലഭ്യമാകും. ആപ്പ് മുഖേനെയുള്ള മുന്നറിയിപ്പിനൊപ്പം എങ്ങനെ സ്വയം ക്വാറന്റൈൻ ചെയ്യാമെന്നും എന്തെങ്കിലും രോഗലക്ഷണങ്ങളുണ്ടെങ്കിൽ എന്ത് ചെയ്യണമുള്ള നിർദേശങ്ങളും ആപ്പ് വഴി ലഭിക്കും.

ആരോഗ്യ സേതു ആപ്പ് ഉപയോഗിക്കുന്നവരുടെ സ്വകാര്യ വിവരങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്താനുള്ള എല്ലാ നടപടികളും സ്വീകരിച്ചുകൊണ്ടാണ് ആപ്പ് നിർമിച്ചിരിക്കുന്നത്. ഈ ആപ്ലിക്കേഷന്റെ സഹായത്തോടെ കോവിഡ് സ്ഥിരീകരിച്ച ആളുടെ നിശ്ചിത ചുറ്റളവിൽ 14 ദിവസം മുൻപ് ഉണ്ടായിരുന്ന ആപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുള്ള ആളുകളെ സർക്കാർ കണ്ടെത്തി അവർക്ക് വിവരങ്ങളും നിർദേശങ്ങളും കൈമാറും.

മൊബൈൽ നമ്പർ ഉപയോഗിച്ച് ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ 20 സെക്കൻഡ് ദൈർഘ്യമുള്ള ഒരു സ്വയ പരിശോധന നടത്താൻ നിങ്ങളോട് ആവശ്യപ്പെടും. അതിനായി ശരിയായ വിവരങ്ങൾ മാത്രം കൈമാറുക. ഇ – പാസ്സിന് യോഗ്യത ഉള്ളവരാണെങ്കിൽ അപ്ലിക്കേഷൻ വഴി അതിന്റെ വിവരങ്ങളും ലഭിക്കും. യോഗ്യരായവർക്ക് നിയന്ത്രണങ്ങളോട് കൂടി ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് യാത്ര  ചെയ്യാൻ ഇ – പാസ്സായി ആരോഗ്യ സേതു ആപ്പ് ഉപയോഗപ്പെടുത്താം. 5 കോടിയിൽ അധികം പേർ രാജ്യത്ത്  ആരോഗ്യ സേതു ആപ്ലിക്കേഷൻ ഡൗൺലോഡ്‌ ചെയ്ത് സേവനം ഉപയോഗപ്പെടുത്തുന്നുണ്ട്.