സംസ്ഥാനത്ത് ഇന്ന് ഏഴു പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കോട്ടയത്തും കൊല്ലത്തും മൂന്നുപേർക്ക് വീതവും കണ്ണൂരിൽ ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കൊല്ലത്ത് രോഗം സ്ഥിരീകരിച്ചതിൽ ഒരാൾ ആരോഗ്യ പ്രവർത്തകയാണ്.
സംസ്ഥാനത്ത് ഇന്ന് ഏഴ് പേർ രോഗമുക്തി നേടി. കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽ രണ്ടുപേർ വീതവും വയനാട്ടിൽ ഒരാളുമാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചത് 457 പേർക്കാണ്. 116 പേർ നിലവിൽ ചികിത്സയിലുണ്ട്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 21,044 പേർ നിരീക്ഷണത്തിലുണ്ട്. ഇതിൽ 20,580 പേർ വീടുകളിലും 464 പേർ ആശുപത്രികളിലും നിരീകഷണത്തിലാണ്. ഇന്നുമാത്രം 132 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണൂരിൽ 55 പേരും കാസർകോട്ട് 15 പേരും കോഴിക്കോട്ട് 11 പേരുമാണ് ചികിത്സയിലുള്ളത്. വയനാട്, തൃശ്ശൂർ, ആലപ്പുഴ ജില്ലകളിൽ വൈറസ് ബാധ സ്ഥിരീകരിച്ച് ആരും ചികിത്സയിലില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.