ന്യൂഡൽഹി: കൊറോണയെ തുരത്താൻ സോഡിയം ഹൈപ്പോക്ലോറൈറ്റ് പോലുള്ള അണുനാശിനികൾ ജനങ്ങളുടെ മേൽ തളിക്കുന്നത് അവർക്ക് ശാരീരികവും മാനസികവുമായി പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം.
സോഡിയം ഹൈപോ ക്ലോറൈറ്റ് പല സ്ഥലങ്ങളിലും അണുനശീകരണിയായി മനുഷ്യരുടെ മുകളിൽ തളിക്കുന്നതായി റിപ്പോർട്ടു ലഭിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ആരോഗ്യ മന്ത്രാലയം വിശദമായ മറുപടി നൽകിയത്.
കൊറോണ ബാധിതനായ ഒരാളുടെ ശരീരത്തിനു മേൽ അണുനാശിനി തളിക്കുന്നത് ഉപകാരപ്പെടില്ല. ശരീരത്തിനുള്ളിലാണ് കൊറോണ വൈറസ് ഉള്ളതെന്നതുകൊണ്ട് തന്നെ വസ്ത്രത്തിനു മുകളിലും ശരീരത്തിനു മുകളിലും അണുനാശിനി തളിക്കുന്നത് ഗുണം ചെയ്യുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
കോവിഡ് രോഗബാധിതരോ കോവിഡ് ഉണ്ടെന്ന് സംശയിക്കപ്പെടുന്നവരോ പതിവായി തൊടുന്ന ഉപരിതലങ്ങളും വസ്തുക്കളും വൃത്തിയാക്കാനും അണുവിമുക്തമാക്കാനും മാത്രമാണ് രാസ അണുനാശിനികൾ ഉപയോഗിക്കുന്നത്. ഗ്ലൗസും മറ്റു സുരക്ഷാ കവചങ്ങളും ഉപയോഗിച്ച് മാത്രം അണുനാശിനി പ്രയോഗിക്കാനാണ് നിർദേശമുള്ളതെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.
വ്യക്തികളുടെ മേൽ ക്ലോറിൻ തളിക്കുന്നത് കണ്ണിന് പ്രശ്നങ്ങളുണ്ടാക്കും. ചർദ്ദി, മനംപുരട്ടൽ എന്നിവയ്ക്കും കാരണമാകും. സോഡിയം ഹൈപോക്ലോറൈറ്റ് ശ്വസന പ്രക്രിയയെ തടസ്സപ്പെടുത്തും. വയറിനും കേടാണ്.