കോവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയിട്ടുള്ള ലോക്ഡൗണില്‍ ബുദ്ധിമുട്ടുന്ന വയോജനങ്ങള്‍ക്കും രോഗികള്‍ക്കും സഹായവുമായി ഇന്ന് മുതല്‍ (ഏപ്രില്‍ 5) ഷീ ടാക്സി പ്രവർത്തനം ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി കെ. കെ ശൈലജ ടീച്ചർ അറിയിച്ചു. വിവിധ രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്ന ഒറ്റപ്പെട്ട് കഴിയുന്നവര്‍ക്കും വൃദ്ധ ജനങ്ങള്‍ക്കും മരുന്നുകള്‍ വാങ്ങുന്നതിനും അപ്പോയ്മെന്റ് എടുത്തവര്‍ക്ക് ആശുപത്രികളില്‍ പോകുന്നതിനും ഷീ ടാക്സി സേവനം പ്രയോജനപ്പെടുത്താവുന്നതാണെന്ന് ശൈലജ ടീച്ചർ വ്യക്തമാക്കി.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ 15 കിലോമീറ്റര്‍ ചുറ്റളവിലായിരിക്കും ഷീ ടാക്സിയുടെ സേവനം തുടക്കത്തില്‍ ലഭ്യമാവുക. ഷീ ടാക്സി സേവനം ആവശ്യമുള്ളവര്‍ കേന്ദ്രീകൃത കോള്‍ സെന്ററിലേക്ക് 7306701200, 7306701400 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്. മരുന്നുകള്‍ ആവശ്യമുള്ളവര്‍ കോള്‍ സെന്ററുമായി ബന്ധപ്പെടുന്നതോടൊപ്പം ഡോക്ടറുടെ കുറിപ്പടി കൂടി ഈ മൊബൈല്‍ നമ്പരിലേക്ക് വാട്സാപ്പ് മുഖേന അയച്ചു കൊടുക്കേണ്ടതാണ്.
ബി.പി.എല്‍. കാര്‍ഡുള്ളവര്‍ക്ക് പൂര്‍ണമായും സൗജന്യമായും മറ്റുള്ളവരില്‍ നിന്നും കിലോമീറ്ററിന് അംഗീകൃത നിരക്കില്‍ നിന്നും പകുതി ഈടാക്കിയും സേവനം ലഭ്യമാക്കും. അതേസമയം എ.പി.എല്‍ വിഭാഗത്തില്‍പ്പെട്ടവരില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കും സൗജന്യ സേവനം നല്കുന്നതാനെന്നും മന്ത്രി അറിയിച്ചു. സൗജന്യ സേവനം നല്‍കുന്നതിലൂടെ ഷീ ടാക്സി ഡ്രൈവര്‍മാര്‍ക്കുണ്ടാകുന്ന ചെലവ് ജെന്‍ഡര്‍ പാര്‍ക്കും, ഗ്ലോബല്‍ ട്രാക്സും (കോള്‍ സെന്റര്‍), ഷീടാക്സി ഡ്രൈവര്‍മാരും ചേര്‍ന്നാകും വഹിക്കുക. സുരക്ഷ ഉറപ്പാക്കുന്നതിനായി ഷീ ടാക്സി ഡ്രൈവര്‍മാര്‍ക്ക് ആവശ്യമായ സുരക്ഷാ കിറ്റുകള്‍ തിരുവനന്തപുരം നിംസ് ആശുപത്രി നൽകുന്നതാണെന്നും ശൈലജ ടീച്ചർ അറിയിച്ചു.