സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചിലവ് നിയന്ത്രിക്കാന്‍ ബില്ല് കൊണ്ടുവരാനൊരുങ്ങി സര്‍ക്കാര്‍

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ വര്‍ധിച്ച ചികിത്സാ ചിലവിനെ നിയന്ത്രിക്കാന്‍ ബില്ല് കൊണ്ടുവരാന്‍ ആരോഗ്യവകുപ്പ്. ചികിത്സാ ചിലവ്, ചികിത്സയുടെ നിലവാരം, മുറിയുടെ വാടക, കണ്‍സള്‍ട്ടിങ് ഫീസ് തുടങ്ങിയ വിഷയങ്ങള്‍ ബില്ലിന്റെ പരിധിയില്‍ കൊണ്ടുവരും.

സ്വകാര്യ ആശുപത്രികളില്‍ ചികിത്സാക്കൊള്ളയില്‍ പരാതികള്‍ കൊണ്ട് മടുത്തെന്നാണ് ആരോഗ്യവകുപ്പിന്റെ നിലപാട്. ഈ സാഹചര്യത്തിലാണ് വകുപ്പ് ബില്ല് പരിഗണിക്കാന്‍ തീരുമാനിച്ചത്. പ്രിന്‍സിപ്പല്‍ സെക്രട്ടറി അധ്യക്ഷ വഹിക്കുന്ന കമ്മിറ്റിയില്‍ ആരോഗ്യവകുപ്പ് ഡയറക്ടറും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറും, കെഎംഎസ്‌സിഎല്‍ എംഡിയുമാണ് മറ്റ് അംഗങ്ങള്‍. വാണിജ്യവിലയേക്കാള്‍ കുറവില്‍ സ്വകാര്യ ആശുപത്രികളില്‍ രോഗികള്‍ക്ക് മരുന്ന് നല്‍കാനാകുമോ, രോഗനിര്‍ണയ ചെലവ് കുറയ്ക്കാനാകുമോ, മുറി വാടക കുറയ്ക്കാനാകുമോ തുടങ്ങിയ കാര്യങ്ങള്‍ സമിതി പരിശോധിക്കണമെന്നാണ് ആരോഗ്യവകുപ്പ് നല്‍കിയിരിക്കുന്ന നിര്‍ദേശം. സര്‍ക്കാര്‍ ഇന്‍ഷുറന്‍സ് സ്വകാര്യ ആശുപത്രികളില്‍ ലഭ്യമാകാനുള്ള സാധ്യതയും പരിശോധിക്കും. ശുപാര്‍ശകളോട് കൂടി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. റിപ്പോര്‍ട്ടിന്മേല്‍ ബില്‍ അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം. എന്നാല്‍, വിഷയത്തില്‍ പ്രായോഗികവശങ്ങള്‍ ചര്‍ച്ച ചെയ്യാതെ നിയന്ത്രണം സാധ്യമല്ലെന്ന് സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളുടെ അസോസിയേഷന്‍ വ്യക്തമാക്കി.