മന്ത്രി കുഞ്ഞാലിക്കുട്ടിയെ കാണാന്‍ ഇടനിലക്കാര്‍ കനിയണം: വിമര്‍ശനവുമായി കോണ്‍ഗ്രസ് ജില്ലാ നേതൃത്വം

മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയെ നേരിട്ട് കാണണമെങ്കില്‍ ഇടനിലക്കാരുടെ സഹായം തേടിയേ തീരൂവെന്ന സാഹചര്യമാണെന്ന് കോണ്‍ഗ്രസ് യോഗത്തില്‍ വിമര്‍ശനം. കോണ്‍ഗ്രസ് മലപ്പുറം നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് മന്ത്രിക്ക് എതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നത്.

തിരഞ്ഞെടുപ്പിന് ശേഷം ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വത്തിന് കുഞ്ഞാലിക്കുട്ടി പുല്ലുവിലയാണ് കല്‍പ്പിക്കുന്നതെന്ന് യോഗം വിലയിരുത്തി. മന്ത്രി ഒരു കാര്യത്തിനും കോണ്‍ഗ്രസ് നേതൃത്വവുമായി കൂടിയാലോജന നടത്തുന്നില്ലെന്നും പ്രവര്‍ത്തകര്‍ ആക്ഷേപം ഉന്നയിച്ചു.

ഇടനിലക്കാരില്ലാതെ മന്ത്രിയെ കാണാന്‍ സാധിക്കുന്നില്ല. വികസന ഫണ്ടുകള്‍ ചിലവഴിക്കുന്നത് സംബന്ധിച്ചും യു.ഡി.എഫില്‍ മന്ത്രി കൂടിയാലോചനകള്‍ക്ക് തയ്യാറാകുന്നില്ല. പൊതുപരിപാടികളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കുഞ്ഞാലിക്കുട്ടിയില്‍നിന്നും അവഗണന ഉണ്ടാകുന്നു. മന്ത്രിയുമായി ബന്ധപ്പെട്ട വിഷയങ്ങില്‍ പ്രവര്‍ത്തകര്‍ നിരാശയിലാണെന്നും യോഗം വിലയിരുത്തി.