വിജയിച്ചാല്‍ കെ.എസ്.ആര്‍.ടി.സിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ഒരുക്കുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് യു.ഡി.എഫ് സര്‍ക്കാര്‍. അധികാരമേറ്റ ആദ്യ മന്ത്രിസഭാ യോഗത്തില്‍തന്നെ ഇക്കാര്യത്തില്‍ തീരുമാനമെടുത്തതായും ജൂണ്‍ 15 മുതല്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പദ്ധതി സംബന്ധിച്ച മറ്റ് വിവരങ്ങള്‍ പിന്നാലെ അറിയിക്കാമെന്ന് പറഞ്ഞ അദ്ദേഹം യാത്ര ഉപാധികളോടെ ആയിരിക്കുമെന്ന സൂചനയാണ് നല്‍കിയത്.
രാജ്യത്ത് ആദ്യമായി വയോജനങ്ങള്‍ക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കുന്നതിലും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. രാജ്യത്ത് ആദ്യമായാണ് പ്രത്യേക വകുപ്പ് വയോജനങ്ങള്‍ക്കായി നടപ്പിലാക്കുന്നതെന്നും സതീശന്‍ പറഞ്ഞു. ആശമാരുടെ ഓണറേറിയം ആദ്യഘട്ടമായി 3,000 രൂപ വര്‍ദ്ധിപ്പിക്കാനും തീരുമാനിച്ചു. അങ്കണവാടി ജീവനക്കാരുടെ വേതനം ആയിരം രൂപ വര്‍ദ്ധിപ്പിച്ചു. ആദ്യഘട്ടമായാണ് ആയിരം രൂപ കൂട്ടിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. പാചകത്തൊഴിലാളികളുടെ വേതനവും ആയിരം രൂപ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. പ്രീപ്രൈമറി ടീച്ചര്‍, ആയമാര്‍ എന്നിവരുടെ വേതനവും ആയിരം രൂപ കൂട്ടി.



















