ആള്‍ക്കൂട്ട കൊലപാതകത്തില്‍ കര്‍ശന നടപടി: മന്ത്രി ശിവന്‍കുട്ടി

വാളയാറില്‍ അതിഥി തൊഴിലാളി ആള്‍ക്കൂട്ടക്കൊലപാതകത്തിന് ഇരയായ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ശിവന്‍കുട്ടി. അതിഥി തൊഴിലാളിയുടെ മരണം അങ്ങേയറ്റം വേദനാജനകവും ഗൗരവതരവുമാണ്. മാനുഷിക പ്രശ്‌നമായി കണ്ടു മൃതദേഹം ചണ്ഡീസ്ഗഡില്‍ എത്തിക്കുവാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കും. ബന്ധുക്കള്‍ വിസമ്മതിച്ചതിനാല്‍ മൃതദേഹം നാട്ടിലെത്തിക്കാന്‍ ചില തടസ്സങ്ങള്‍ നേരിടുന്നുണ്ട്. പൈശാചികമായ ആക്രമണമാണ് നടന്നതെന്ന് ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് ചെയ്തുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

വാളയാര്‍ അട്ടപ്പള്ളത്ത് കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. മര്‍ദനമേറ്റ് മരിച്ച അതിഥിത്തൊഴിലാളി രാംനാരായണന്‍ നേരിട്ടത് മണിക്കൂറുകള്‍ നീണ്ട കൊടും ക്രൂരതയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. രാംനാരായണന്റെ ശരീരത്തില്‍ മുഴുവനായും മര്‍ദ്ദനമേറ്റ പാടുകളായിരുന്നു. മോഷ്ടാവാണെന്നു സംശയിച്ചാണ് ആള്‍ക്കൂട്ടം ഛത്തീസ്ഗഡ് സ്വദേശിയായ രാംനാരായണനെ മര്‍ദിച്ചത്. സംഭവത്തില്‍ അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു.