കാക്കിപ്പഴത്തിന്റെ ആരോഗ്യ ഗുണങ്ങൾ. കണ്ടാൽ തക്കാളിയെപ്പോലെ തോന്നിക്കുന്നതും ഓറഞ്ച് നിറത്തിലുള്ള നേർത്ത തൊലിയുള്ളതും അകം നിറയെ അതിമധുരവും രുചികരവുമായ കാമ്പോടുകൂടിയതുമായ ഒരു പഴമാണ് കാക്കിപ്പഴം. കാക്കിപ്പഴത്തിന് ഒട്ടേറെ ആരോഗ്യ ഗുണങ്ങൾ ഉണ്ടെന്ന് ഓർമ്മിപ്പിക്കുകയാണ് ആരോഗ്യവിദഗ്ദ്ധർ. ധാരാളം പോഷകങ്ങളും ആൻറിഓക്സിഡൻറുകളും അടങ്ങിയ ഒരു പഴമാണിത്. കാക്കിപ്പഴത്തിൽ ഫ്ലേവനോയിഡുകൾ, കരോട്ടിനോയിഡുകൾ, ടാനിനുകൾ തുടങ്ങിയ ശക്തമായ ആൻറിഓക്സിഡൻറുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഈ ആൻറിഓക്സിഡൻറുകൾ ശരീരത്തിലെ ദോഷകരമായ ഫ്രീ റാഡിക്കലുകളെ ചെറുക്കാൻ സഹായിക്കുമെന്നാണ് ആരോഗ്യവിദഗ്ദ്ധർ പറയുന്നത്. ഇത് കോശങ്ങൾക്ക് നാശമുണ്ടാകുന്നത് തടയുന്നു. കാക്കിപ്പഴത്തിൽ ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനവ്യവസ്ഥയുടെ സുഗമമായ പ്രവർത്തനത്തിനും മലബന്ധം ഒഴിവാക്കാനും സഹായിക്കുന്നു. കാക്കിപ്പഴത്തിലെ ഫ്ലേവനോയിഡുകളും ടാനിനുകളും രക്തസമ്മർദം കുറക്കുന്നതിന് സഹായിക്കും. ഇതിലെ നാരുകൾ ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറക്കാൻ സഹായിക്കുമെന്നും ആരോഗ്യവിദഗ്ദ്ധർ ഓർമ്മിപ്പിക്കുന്നു. കാക്കിപ്പഴം പ്രകൃതിദത്തമായി മധുരമുള്ളതാണ്. അതിനാൽ ഇതിൽ സ്വാഭാവികമായും കാർബോഹൈഡ്രേറ്റുകളും പഞ്ചസാരയും അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ മിതമായ അളവിൽ മാത്രം കഴിക്കാൻ ശ്രദ്ധിക്കണം. ഒരുപാട് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കാൻ സാധ്യതയുണ്ട്. നിയന്ത്രിത അളവിൽ കാക്കിപ്പഴം കഴിക്കുന്നത് പ്രമേഹരോഗികൾക്ക് സുരക്ഷിതമാണെന്നാണ് ആരോഗ്യവിദഗ്ദ്ധർ പറയുന്നത്.



















