ഉറങ്ങാന്‍ നേരം ഫോണില്‍ നോക്കിയിരിക്കുന്നത് ആഴ്ചയില്‍ ഒരുമണിക്കൂര്‍ ഉറക്കത്തെ കുറയ്ക്കുകയും തലച്ചോറിന് ഗുരുതരമായ കേടുപാടുകള്‍ വരുത്തുകയും ചെയ്യുമെന്ന് പഠന റിപ്പോർട്ട്

ഉറങ്ങാന്‍ നേരം ഫോണില്‍ നോക്കിയിരിക്കുന്നത് ആഴ്ചയില്‍ ഒരുമണിക്കൂര്‍ ഉറക്കത്തെ കുറയ്ക്കുകയും തലച്ചോറിന് ഗുരുതരമായ കേടുപാടുകള്‍ വരുത്തുകയും ചെയ്യുമെന്ന് പഠന റിപ്പോർട്ട്. ജാമ നെറ്റ്‌വര്‍ക്ക് എന്ന ജേണലിലാണ് ഉറങ്ങുന്നതിന് തൊട്ടുമുമ്പുള്ള സമയത്തെ ഫോണ്‍ ഉപയോഗത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള വിശദമായ പഠനം പ്രസിദ്ധികരിച്ചത്. നിത്യേനയുള്ള സ്‌ക്രീന്‍ ഉപയോഗം ശരീരത്തിന്റ ജൈവികതാളത്തെ അവതാളത്തിലാക്കുമെന്നും ഉറക്കത്തിന്റെ ദൈര്‍ഘ്യം ഓരോ ആഴ്ചയിലും 50 മിനിറ്റ് കുറയ്ക്കുമെന്നും അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റിയിലെ ഗവേഷകര്‍ വ്യക്തമാക്കി. ഫോണ്‍ സ്‌ക്രീന്‍ ഉപയോഗിക്കാത്തവരെ അപേക്ഷിച്ചുനോക്കുമ്പോള്‍ കിടക്കാന്‍ നേരത്ത് സ്‌ക്രീന്‍ നോക്കുന്നവരില്‍ 33 ശതമാനം പേര്‍ക്കും ഉറക്കനിലവാരം വളരെ ശുഷ്‌കമാണെന്നാണ് ഗവേഷകർ പഠനത്തിൽ കണ്ടെത്തിയത്. ഫോണില്‍ നിന്നും മറ്റ് ഡിജിറ്റല്‍ സ്‌ക്രീനുകളില്‍ നിന്നുമുള്ള വെളിച്ചം വ്യക്തിയുടെ സ്വാഭാവിക നിദ്രാചക്രത്തിന് ഭംഗം വരുത്തും. കൂടാതെ സ്ലീപ്-വേക്ക് സൈക്കിളിനെ നിയന്ത്രിക്കുന്ന ഹോര്‍മോണായ മെലാടോണിന്‍ കൃത്യസമയത്ത് ഉദ്പാദിപ്പിക്കപ്പെടാതാവുകയും ചെയ്യുന്നു. ആരോഗ്യസംരക്ഷണത്തിന് ഉറക്കം വളരെ പ്രാധാന്യമാണ്. എന്നാൽ കഴിഞ്ഞ കുറച്ചു ദശാബ്ദങ്ങളായി മനുഷ്യര്‍ക്ക് ശരാശരി ഉറക്കം പോലും ലഭിക്കുന്നില്ലെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. സ്‌ക്രീന്‍ ലൈറ്റ് മാത്രമല്ല, ആളുകള്‍ കണ്ടുകൊണ്ടിരിക്കുന്ന സ്‌ക്രീനിലെ ഉള്ളടക്കവും ഉറക്കദൈര്‍ഘ്യത്തെയും നിദ്രാചക്രത്തെയും ബാധിക്കുന്നുവെന്ന് പഠനത്തില്‍ ചൂണ്ടിക്കാട്ടി. മൊബൈല്‍ ഉപകരണങ്ങളില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന സോഷ്യല്‍മീഡിയ ഉറങ്ങാന്‍ കിടക്കുന്നതിന് അരമണിക്കൂര്‍ മുമ്പ്‌പോലും നോക്കുന്നവരില്‍ 1.62 മടങ്ങ് നിദ്രാഭംഗം സംഭവിക്കാനും സാധ്യതയുണ്ട്.