ച്യുയിങ്ഗത്തില്‍ വലിയ അപകടം പതിയിരിക്കുന്നുണ്ടെന്ന് പഠന റിപ്പോർട്ട്. കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് പഠനം നടത്തിയത്. ച്യുയിങ്ഗം ഓരോ തവണ ചവയ്ക്കുമ്പോഴും, അതിസൂക്ഷ്മമായ പ്ലാസ്റ്റിക് കഷണങ്ങള്‍ നമ്മുടെ വയറിലെത്തുന്നുണ്ടെന്നാണ് പഠനത്തിൽ ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്. ഈ മൈക്രോപ്ലാസ്റ്റിക്കുകള്‍ കാലക്രമേണ നമ്മുടെ നാഡീവ്യവസ്ഥയെ തകരാറിലാക്കുകയും തത്ഫലമായി മറവി ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവുമെന്നും ഗവേഷകർ പഠനത്തിൽ കണ്ടെത്തി. പ്ലാസ്റ്റിക്കാണ് ച്യുയിങ്ഗത്തിന്റെ അടിസ്ഥാനം. ബാഗുകളിലും പശകളിലും ഉപയോഗിക്കുന്ന പോളിയെത്തിലീന്‍, പോളിവിനൈല്‍ അസിറ്റേറ്റ് എന്നീ സിന്തറ്റിക് പോളിമറുകള്‍ അതില്‍ അടങ്ങിയിട്ടുണ്ട്. ചവയ്ക്കുമ്പോള്‍ ഈ പ്ലാസ്റ്റിക്കുകള്‍ വളരെ സൂക്ഷ്മമായി അകത്തേക്കിറങ്ങുന്നു എന്നാണ് പഠനത്തിൽ പറയുന്നത്. ഇത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ തലച്ചോറിന് പ്രശ്‌നം സൃഷ്ടിക്കുമെന്നും അള്‍ഷൈമേഴ്‌സ്, പാര്‍ക്കിന്‍സണ്‍ തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമാകുമെന്നും പഠനത്തിൽ വ്യക്തമാക്കി. ഗവേഷണ പ്രബന്ധം ഇപ്പോള്‍ അതിന്റെ പരിശോധനാ ഘട്ടത്തിലാണ്.