ലൈംഗിക ബന്ധം ഇല്ലാതെയും എസ്ടിഐ പകരുമെന്ന് റിപ്പോർട്ട്. സിഫിലിസ്, ഗൊണേറിയ, ഹെര്‍പസ്, എച്ച്‌ഐവി എന്നി സെക്ഷ്വലി ട്രാന്‍സ്‌മിറ്റഡ് ഇന്‍ഫെക്ഷനുകള്‍ ലൈംഗിക ബന്ധത്തിലൂടെ പകരുന്നതാണെന്നാണ്. എന്നാല്‍ ലിംഗവും യോനിയും തമ്മില്‍ നേരിട്ട് സമ്പര്‍ക്കത്തില്‍ വരുന്ന സംഭോഗത്തിലൂടെ അല്ലാതെയും ചില എസ്‌ടിഐകള്‍ പടരാമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ഹെര്‍പസും സിഫിലിസും എച്ച്‌പിവിയും ശരീരത്തിലെ രോഗബാധിതമായ ഒരിടത്തിലൂടെ ചര്‍മത്തില്‍ നിന്ന് ചര്‍മത്തിലേക്ക് പടരാമെന്ന് ന്യൂയോര്‍ക്ക് പോസ്‌റ്റില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനതിൽ വ്യക്തമാക്കി. പരസ്‌പരം സ്വയംഭോഗത്തിന് സഹായിക്കുമ്പോള്‍ ശരീരത്തിലെ സ്രവങ്ങള്‍ സ്‌പര്‍ശിച്ചും ഇത് സംഭവിക്കാം. ഗൊണേറിയ, ക്ലമൈഡിയ പോലുള്ള എസ്‌ടിഐകളാകട്ടെ ഓറല്‍ സെക്‌സ് വഴിയും പടരാൻ സാധ്യതയുണ്ട്. ഈ രണ്ട് അണുബാധകളും കണ്ണുകളെയും ബാധിക്കാവുന്നതാണ്. ലൈംഗിക അവയവങ്ങളില്‍ സ്‌പര്‍ശിച്ച ശേഷം കണ്ണ് തിരുമ്മിയാല്‍ വരെ ഇവിടെ രോഗപടര്‍ച്ച സംഭവിക്കാം. താടി വടിക്കാന്‍ ഉപയോഗിക്കുന്ന റേസറുകള്‍, സൂചികള്‍, സെക്‌സ് ടോയ് തുടങ്ങിയവ പങ്കുവയ്‌ക്കുന്നതിലൂടെയും എസ്‌ടിഐകള്‍ പടരാമെന്ന് ലേഖനതിൽ മുന്നറിയിപ്പ് നല്‍കുന്നു. എച്ച്‌ഐവി, ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി തുടങ്ങിയവയെല്ലാം ഒന്നിലധികം തവണ ഉപയോഗിക്കുന്ന സൂചി വഴിയും അണുനശീകരണം നടത്താത്ത ടാറ്റൂ സൂചി വഴിയും പടരാവുന്നതാണ്. അമ്മയില്‍ നിന്ന് കുഞ്ഞിലേക്ക് ഗര്‍ഭധാരണ കാലത്തും പ്രസവ സമയത്തും മുലയൂട്ടലിന്റെ സമയത്തും എസ്‌ടിഐകള്‍ പകരാറുണ്ട്. ഒന്നിലധികം പങ്കാളികളുമായി ലൈംഗിക ബന്ധങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കേണ്ടതും പങ്കാളി എസ്‌ടിഐ പരിശോധനകള്‍ നടത്താറുണ്ടെന്ന് ഉറപ്പാക്കേണ്ടതുമാണെന്നും ലേഖനതിൽ ചൂണ്ടിക്കാട്ടി.