ദിവസവും ജോലിക്ക് പോകും മുൻപ് പങ്കാളിക്ക് സ്‌നേഹത്തോടെ ചുംബനം നൽകാറുണ്ടോ എങ്കിൽ നിങ്ങൾക്കൊരു സന്തോഷ വാർത്ത. ഈ ശീലം നിങ്ങളുടെ ആയുസ്സ് വർധിക്കാൻ സഹായിക്കും. ഇത്തരത്തിൽ ചുംബനം നൽകുന്ന പുരുഷന്മാർ ചുംബനം നൽകാത്തവരെ അപേക്ഷിച്ച് നാല് വർഷം കൂടുതൽ ജീവിക്കാനുള്ള സാധ്യത അധികമാണെന്ന് അമേരിക്കൻ മനഃശാസ്ത്രജ്ഞൻ ആയ ജോൺ ഗോട്ട്‌മാൻ അഭിപ്രായപ്പെടുന്നു. ദ ഡയറി ഓഫ് എ സിഇഒ പോഡ്‌കാസ്‌റ്റിലാണ് പ്രഫ. ഗോട്ട്‌മാൻ ഇത്തരത്തിൽ അഭിപ്രായപ്പെട്ടത്. 1980ൽ നടത്തിയ ഒരു പഠനം ഇതിനെ ശരിവയ്‌ക്കുന്നതായി ഇന്ത്യൻ അനസ്‌തേഷ്യോളജി ആൻഡ് ഇന്റർവെൻഷണൽ പെയിൻ മെഡിസിൻ ഫിസിഷ്യൻ ഡോ.കുണാൽ സൂഡും ചൂണ്ടിക്കാണിക്കുന്നു. പങ്കാളിക്ക് നൽകുന്ന സ്‌നേഹ ചുംബനം മൂഡ് മെച്ചപ്പെടുത്തുന്ന ഹോർമോണുകളെ ഉത്‌പാദിപ്പിച്ച് സമ്മർദ്ദം കുറയ്‌ക്കാനും ബന്ധത്തിന്റെ നിലവാരം വർധിപ്പിക്കാനും സഹായിക്കുമെന്ന് ഡോ. കുണാൽ വ്യക്തമാക്കി. ഇത് മൂലമുണ്ടാകുന്ന ശാരീരിക ഗുണങ്ങളാണ് ആയുസ്സ് വർധിപ്പിക്കുന്നത്. ഓക്‌സിടോസിൻ, ഡോപ്പമിൻ തുടങ്ങിയ ഹോർമോണുകളാണ് ചുംബന സമയത്ത് ശരീരം ഉത്‌പാദിപ്പിക്കുന്നത്. ഇതിന് പുറമേ സമ്മർദ്ദ ഹോർമോണായ കോർട്ടിസോളിന്റെ അളവ് കുറയ്‌ക്കാനും ചുംബനം സഹായിക്കും.