US സഹായം നിലച്ചാൽ ആഫ്രിക്കയിൽ 5 ലക്ഷം കുട്ടികൾ എയ്ഡ്സ് അനുബന്ധരോഗങ്ങളാൽ മരിച്ചേക്കാമെന്ന് പഠനം. ഐക്യരാഷ്ട്രസഭയ്ക്കുള്ള ധനസഹായം യു.എസ്. നിർത്തിവെച്ചത് ആഗോളതലത്തിൽ ദിവസവും 2000 എച്ച്ഐവി രോഗികളുണ്ടാവുന്നതിന് വഴിയൊരുങ്ങുമെന്ന് അടുത്തിടെ ലോകാരോഗ്യസംഘടന വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ എയ്ഡ്സ് ചികിത്സാസഹായം യു.എസ് നിർത്തിവെക്കുന്നതിലൂടെ ആഫ്രിക്ക കടുത്ത പ്രതിസന്ധിയിലാവുമെന്ന് വ്യക്തമാക്കുകയാണ് പുതിയ പഠനറിപ്പോർട്ട് . 2003-മുതൽ യു.എസ്. പ്രസിഡന്റ്സ് എമർജൻസി പ്ലാൻ ഫോർ എയ്ഡ്സ് റിലീഫ് എന്നപേരിൽ നൽകിവന്നിരുന്ന ചികിത്സാസഹായമാണ് നിർത്തലാക്കിയത്. പ്രസ്തുത പദ്ധതി പ്രകാരം 26ദശലക്ഷം പേരേയും 7.8ദശലക്ഷം കുഞ്ഞുങ്ങളേയും എച്ച്.ഐ.വി. ബാധയിൽ നിന്ന് രക്ഷിക്കാനായിരുന്നു. എന്നാൽ ചികിത്സാസഹായം നിൽക്കുന്നതോടെ 2030 ആകുമ്പോഴേക്കും 5,00,000 കുട്ടികൾ എയ്ഡ്സ് അനുബന്ധരോഗങ്ങളാൽ മരണപ്പെടുകയും പത്തുലക്ഷത്തിലേറെപേർ രോഗബാധിതരാവുകയും ചെയ്യുമെന്ന് ദി ലാൻസെറ്റിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.