സംസ്ഥാനത്ത് ഇടവിട്ടുള്ള വേനല്‍മഴയെ തുടര്‍ന്ന് ഡെങ്കിപ്പനിക്കെതിരെ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി

സംസ്ഥാനത്ത് ഇടവിട്ടുള്ള വേനല്‍മഴയെ തുടര്‍ന്ന് ഡെങ്കിപ്പനിക്കെതിരെ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇടവിട്ടുള്ള വേനല്‍മഴ കൊതുക് പെരുകുന്നതിനുള്ള സാഹചര്യമൊരുക്കുന്നതിനാല്‍ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തി ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് കോഴിക്കോട് ജില്ല മെഡിക്കല്‍ ഓഫിസര്‍ എന്‍. രാജേന്ദ്രന്‍ വ്യക്തമാക്കി. ഡെങ്കിപ്പനി, ചികുന്‍ഗുനിയ, സിക എന്നീ കൊതുകുജന്യ രോഗങ്ങളെ തടയാന്‍ ഉറവിട നശീകരണത്തിന് പ്രാധാന്യം നല്‍കണം. വീടിനകത്തും പുറത്തും വെള്ളം കെട്ടിനില്‍ക്കാന്‍ ഇടയുള്ള എല്ലാ വസ്തുക്കളും നീക്കം ചെയേണ്ടതാണ്. വീടിനകത്ത് അലങ്കാരച്ചെടികള്‍ വളര്‍ത്തുന്ന കുപ്പികള്‍, എ.സി, ഫ്രിഡ്ജ് തുടങ്ങിയവയുടെ ട്രേയില്‍ വെള്ളം കെട്ടിക്കിടക്കുന്നുണ്ടോ എന്ന് പ്രത്യേകം ശ്രദ്ധിക്കണം. ഈഡിസ് വിഭാഗത്തില്‍പെട്ട കൊതുകുകള്‍ പരത്തുന്ന വൈറസ് രോഗമാണ് ഡെങ്കിപ്പനി. പനിയോടൊപ്പം തലവേദന, കണ്ണിന് പുറകില്‍ വേദന, പേശിവേദന, സന്ധിവേദന തുടങ്ങിയവയാണ് ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങള്‍. കൂടാതെ ശരീരത്തില്‍ ചുവന്നുതടിച്ച പാടുകളും ഉണ്ടാകാം. രോഗബാധിതര്‍ സമ്പൂര്‍ണ വിശ്രമം എടുക്കുകയും ഉപ്പിട്ട കഞ്ഞി വെള്ളം, കരിക്കിന്‍ വെള്ളം എന്നീ ധാരാളം പാനീയങ്ങള്‍ കുടിക്കുന്നതും നല്ലതാണ്. ഡെങ്കിപ്പനി ബാധിതര്‍ പകല്‍ സമയം വിശ്രമിക്കുന്നതും ഉറങ്ങുന്നതും പൂര്‍ണമായും കൊതുക് വലക്കുള്ളിലായിരിക്കണം. ഒരുതവണ ഡെങ്കിപ്പനി ബാധിച്ചവര്‍ക്ക് വീണ്ടും രോഗബാധയുണ്ടായാല്‍ മാരകമാകുന്നതിനുള്ള സാധ്യതയുണ്ട്. ചെറിയ അളവ് വെള്ളത്തില്‍പോലും ഈഡിസ് കൊതുകുകള്‍ മുട്ടയിട്ട് പെരുകുന്നതാണ്. ഒരു വര്‍ഷത്തോളം ഇവയുടെ മുട്ടകള്‍ കേടുകൂടാതെയിരിക്കുകയും ഈര്‍പ്പം തട്ടിയാല്‍ ഒരാഴ്ചകൊണ്ട് മുട്ട വിരിഞ്ഞ് കൊതുകാകുകയും ചെയ്യും. വൈറസ് ബാധയുള്ള കൊതുകിന്റെ മുട്ടകളിലും വൈറസ് സാന്നിധ്യമുണ്ടാകുന്നതാണ്.