കോഴിക്കോട് മേയ്ത്ര ആശുപത്രിയിൽ 12 വയസ്സുകാരനിൽ കാർട്ടിലേജ് റിബ് വൈകല്യാവസ്ഥ പരിഹരിക്കുന്നതിന് നടത്തിയ സർജറി വിജയകരം. ചെസ്റ്റ് വാൾ റീ കൺസ്ട്രക്‌ഷൻ സർജറിയാണ് തമിഴ്‌നാട് ഗൂഡല്ലൂർ സ്വദേശിയിൽ നടത്തിയത്. ആശുപത്രിയിലെ പീഡിയാട്രിക് കാർഡിയാക് സർജറി, ട്രോമ ആൻഡ് റീ കൺസ്ട്രക്ടീവ് വിഭാഗങ്ങളിലെ ഡോക്ടർമാരാണ് സർജറിക്ക് നേതൃത്വം നൽകിയത്. കുട്ടികളുടെ നെഞ്ചിന്റെ ഭാഗം അസാധാരണമായി ഉള്ളിലേക്ക് കുഴിഞ്ഞതായോ തള്ളിനിൽക്കുന്നതായോ കാണപ്പെടുന്ന അവസ്ഥയാണ് കാർട്ടിലേജ് റിബ് ഡിഫോമിറ്റി. ജനസംഖ്യയിൽ നാലായിരത്തിൽ ഒരാൾക്കുണ്ടാകുന്ന വൈകല്യമാണിത്. ഇതിന്റെ കാരണം ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. വളർച്ച പൂർത്തിയാകുന്നതിനു മുൻപേ ഈ സർജറി ചെയ്താൽ വൈകല്യം വീണ്ടുമുണ്ടാകാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ കുട്ടികളുടെ അസ്ഥിയുടെയും കാർട്ടിലേജിന്റെയും വളർച്ച പൂർത്തിയതിനുശേഷം മാത്രമേ ഈ ശസ്ത്രക്രിയ ഡോക്ടർമാർ നിർദേശിക്കാറുള്ളൂ. ഹൃദയം, ശ്വാസകോശം എന്നിവയുടെ സാമീപ്യമുള്ളതിനാൽ വളരെ ശ്രദ്ധയും കൃത്യതയും ആവശ്യമുള്ള ശസ്ത്രക്രിയയാണിത്.