സുനിത വില്യംസും ബുച്ച് വില്‍മോറും ബഹിരാകാശത്ത് നിന്ന് തിരിച്ചെത്തിയാല്‍ നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരുമെന്ന് റിപ്പോര്‍ട്ട്

സുനിത വില്യംസും ബുച്ച് വില്‍മോറും ബഹിരാകാശത്ത് നിന്ന് തിരിച്ചെത്തിയാല്‍ നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരുമെന്ന് റിപ്പോര്‍ട്ട്. 9 മാസമായി ബഹിരാകാശത്ത് കുടുങ്ങിക്കിടക്കുന്ന നാസ ബഹിരാകാശയാത്രികരായ സുനിത വില്യംസും ബാരി ബുച്ച്വില്‍മോറും ബുധനാഴ്ചയോടെ ഭൂമിയിലേക്ക് മടങ്ങും. ഗുരുത്വാകര്‍ഷണ ബലമില്ലാതിരുന്ന ബഹിരാകാശത്ത് എട്ടുമാസം ചെലവഴിച്ചതിനാൽ ഭൂമിയിലേക്ക് എത്തുമ്പോള്‍ ഇരുവരുടെയും ശരീരത്തിന് പൊരുത്തപ്പെടാന്‍ സമയമെടുത്തേക്കും. ചെറിയ ഭാരം പോലും ഉയര്‍ത്താന്‍ ഇവര്‍ അത്യധികം പ്രയാസപ്പെടേണ്ടി വരുന്നതാണ്. സുനിത വില്യംസും ബുച്ച് വില്‍മോറും തിരിച്ചെത്തിയാല്‍ നടക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാമെന്ന് നാസയുടെ മുന്‍ ബഹിരാകാശയാത്രികന്‍ ലെറോയ് ചിയാവോ വ്യക്തമാക്കി. ബഹിരാകാശത്ത് ശരീരത്തിന് ഭാരം അനുഭവപ്പെടാത്ത അവസ്ഥയായിരുന്നതിനാല്‍ ഭൂമിയിലെത്തുമ്പോള്‍ ശരീരത്തിന്റെ സ്വാഭാവിക പ്രവര്‍ത്തനങ്ങള്‍ പോലും ആദ്യം മുതല്‍ പഠിപ്പിച്ചെടുക്കേണ്ടി വരും. സന്ധികളെയും എല്ലുകളെയും സംരക്ഷിക്കുന്ന കാര്‍ട്ടിലേജുകള്‍ക്ക് ദ്രവീകരണം സംഭവിച്ചേക്കാം. ബഹിരാകാശത്ത് നീണ്ടകാലം കഴിഞ്ഞ് തിരിച്ചെത്തുന്നവരുടെ ശരീരത്തില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതായി പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഹൃദയത്തിന്റെ രക്തചംക്രമണവും കുറവായിരിക്കും. ഭൂമിയിലെത്തുമ്പോള്‍ ശരീരചലനങ്ങള്‍ കൂടുന്നതിനാല്‍ ഇതിനോട് പൊരുത്തപ്പെടാന്‍ ഹൃദയത്തിന് സമയമെടുത്തേക്കും. നിലവില്‍ പേശികളുടെ ഉപയോഗവും വളരെ പരിമിതമായതിനാല്‍ ഭൂമിയില്‍ എത്തുമ്പോള്‍ അവ ദുര്ബലമാകുന്ന മസില്‍ അട്രോഫി എന്ന അവസ്ഥയും ഉണ്ടാകും. കൂടാതെ കാഴ്ച ശക്തിയെയും ഇമ്മ്യൂണ്‍ സംവിധാനങ്ങളെയും നീണ്ടകാലത്തെ ബഹിരാകാശ ജീവിതം ബാധിച്ചേക്കാം. കൂടുതല്‍ വികിരണങ്ങള്‍ ഏല്‍ക്കുന്നതിനാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ക്യാന്‍സറും മറ്റ് ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. തലച്ചോറിലെ ദ്രാവകത്തിന്റെ വര്‍ദ്ധനവ് കേള്‍വിക്കുറവ്, സെറിബ്രല്‍ എഡിമ തുടങ്ങിയവയിലേക്കും നയിച്ചേക്കാം.