പുരുഷന്മാരിൽ അരക്കെട്ടിന്റെ വണ്ണത്തിൽ നിന്ന് കാൻസർ സാധ്യത തിരിച്ചറിയാനാവും എന്ന് പഠന റിപ്പോർട്ട്

പുരുഷന്മാരിൽ അരക്കെട്ടിന്റെ വണ്ണത്തിൽ നിന്ന് കാൻസർ സാധ്യത തിരിച്ചറിയാനാവും എന്ന് പഠന റിപ്പോർട്ട്. സ്വീഡനിലെ ലണ്ട് സർവകലാശാലയിലെ ​ഗവേഷകരാണ് പഠനം നടത്തിയത്. 1981-നും 2019-നും ഇടയിലുള്ള 3,39,190 പേരുടെ ആരോ​ഗ്യവിവരങ്ങൾ ശേഖരിച്ചാണ് ഗവേഷകർ പഠനം നടത്തിയത്. 14 വർഷത്തോളം നീണ്ട പഠനത്തിനൊടുവിൽ 18,185 പേരിൽ അമിതവണ്ണവുമായി ബന്ധപ്പെട്ട അർബുദങ്ങൾ സ്ഥിരീകരിച്ചു. അന്നനാളം, ഉദരം, കരൾ, പാൻക്രിയാസ്, സ്തനം എന്നീ ശരീരഭാഗങ്ങളെ ബാധിക്കുന്ന കാൻസറുകളാണ് കൂടുതലായും
ഇവരിൽ സ്ഥിരീകരിച്ചത്. പുകവലിയും പ്രായവും അപകടസാധ്യത കൂട്ടുന്ന ഘടകങ്ങളാണെന്നും ​ഗവേഷകർ പഠനത്തിൽ കണ്ടെത്തി. സുപ്രധാന അവയവങ്ങൾക്ക് ചുറ്റും അടിഞ്ഞുകൂടുന്ന അടിവയറിലെ കൊഴുപ്പാണ് അരക്കെട്ടിന്റെ വണ്ണംകൊണ്ട് സൂചിപ്പിക്കുന്നത്. അരക്കെട്ടിന്റെ വണ്ണം 11 സെന്റീമീറ്ററോ അല്ലെങ്കിൽ അധികമായി 4 ഇഞ്ചോ കൂടുന്നത് പുരുഷന്മാരിലെ അർബുദസാധ്യത 25ശതമാനമായി വർധിപ്പിക്കുന്നു എന്ന് പഠനത്തിൽ ചൂണ്ടിക്കാട്ടി. അരക്കെട്ടിലെ വണ്ണവും അർബുദവും തമ്മിലുള്ള ബന്ധം സ്ത്രീകളേക്കാൾ കൂടുതൽ പുരുഷന്മാരെ ബാധിക്കുന്നതിനേക്കുറിച്ചും ​ഗവേഷകർ പഠനത്തിൽ കണ്ടെത്തുകയും ചെയ്തു. സ്ത്രീകളിൽ കൊഴുപ്പിന്റെ അളവ് ശരീരത്തിന്റെ വിവിധ ഭാ​ഗങ്ങളിലായി വ്യാപിച്ചുകിടക്കും. എന്നാൽ പുരുഷന്മാരിൽ അത് അടിവയറിലാണ് കൂടുതലായും കാണാൻ സാധിക്കുക.