ചെറുമയക്കങ്ങൾ തലച്ചോറിന്റെ ചെറുപ്പം കാത്തുസൂക്ഷിക്കാന്‍ സഹായിക്കുമെന്ന് പഠന റിപ്പോർട്ട്

ചെറുമയക്കങ്ങൾ തലച്ചോറിന്റെ ചെറുപ്പം കാത്തുസൂക്ഷിക്കാന്‍ സഹായിക്കുമെന്ന് പഠന റിപ്പോർട്ട്. ഒരുദിവസം 6 മുതല്‍ 8മണിക്കൂര്‍ വരെ ഉറങ്ങണമെന്നാണ് പഠനത്തിൽ വ്യക്തമാക്കുന്നത് . എന്നാൽ ഒരുദിവസം മതിയായ തോതില്‍ ഉറങ്ങാന്‍ സാധിക്കാത്ത സാഹചര്യത്തിൽ ഇത്തരം ചെറുമയക്കങ്ങള്‍ ക്ഷീണമകറ്റാന്‍ സഹായിക്കുമെന്നും ആരോഗ്യത്തിന് ഏറെ ഗുണംചെയ്യുമെന്നുമാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. 20 മിനിറ്റ് വരെ നീണ്ടുനില്‍ക്കുന്ന പകൽസമയങ്ങളിലുളള ചെറുമയക്കങ്ങള്‍ക്ക് തലച്ചോറിന്റെ ചെറുപ്പം കാത്തുസൂക്ഷിക്കാൻ കഴിയുമെന്നു ന്യൂറോസയന്റിസ്റ്റായ ഡോ. നാസ് വ്യക്തമാക്കി. ഡോ. നാസ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച പോസ്റ്റില്‍ മിനിറ്റുകള്‍ മാത്രം നീണ്ടുനില്‍ക്കുന്ന ചെറുമയക്കങ്ങളെ സൂപ്പര്‍പവർ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ദിവസവും ചെറുതായി മയങ്ങുന്നവരുടെ തലച്ചോറ് മറ്റുള്ളവരുടെക്കാള്‍ 2 മുതല്‍ 6വര്‍ഷം വരെ ചെറുപ്പമായി കാണപ്പെടുമെന്നു വിവിധ പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നതായി അദ്ദേഹം വ്യക്തമാക്കി. കൂടുതല്‍ ഉന്മേഷവാനായി കാണപ്പെടുക, മറ്റുവിഷയങ്ങള്‍ പഠിക്കുന്നതിനുള്ള നിങ്ങളുടെ പഠനശേഷി കൂട്ടുക്ക, ഏകാഗ്രത മെച്ചപ്പെടുത്തുക എന്നിവ ചെറുമയക്കം കൊണ്ടുളള പ്രധാന ഗുണങ്ങളാണ്. 20 മുതല്‍ 30 മിനിട്ടുവരെയാണ് ചെറുമയക്കത്തിനായി ചെലവഴിക്കേണ്ടതെന്നും കൂടുതല്‍ ക്ഷീണം അനുഭവപ്പെടുന്നെങ്കില്‍ 90 മിനിറ്റ് വരെ ഇതിനായി ചെലവഴിക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ 90 മിനിറ്റ് വരെ നീണ്ടുനില്‍ക്കുന്ന ഉറക്കം വൈകുന്നേരങ്ങളില്‍ ഒഴിവാക്കണമെന്നും ഡോ.നാസ് കൂട്ടിച്ചേർത്തു. ഇത് ചിന്താശേഷിയെ താറുമാറാക്കുമെന്നാണ് പഠനം വ്യക്തമാക്കുന്നത്.