ഗര്‍ഭകാലത്തെ പാരസെറ്റമോള്‍ ഉപയോഗം ഗര്‍ഭസ്ഥശിശുവിന് ADHD അഥവാ അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോഡറിന് കാരണമായേക്കാമെന്ന് പഠനം. ഗര്‍ഭസ്ഥശിശുക്കളില്‍ ആദ്യകാല മസ്തിഷ്‌കവികാസത്തില്‍ പാരസെറ്റമോളിന്റെ ഉപയോഗത്തിലൂടെ ഉണ്ടാകാവുന്ന അപകടസാധ്യതകള്‍ തള്ളിക്കളയരുത് എന്ന മുന്നറിയിപ്പാണ് പുതിയ പഠനം മുന്നോട്ടുവെക്കുന്നത്. യു.എസിലെ യൂണിവേഴ്സിറ്റി ഓഫ് വാഷിങ്ടണിലെ ഒരു സംഘം ഗവേഷകരാണ് പഠനം നടത്തിയത്. 307 ഗര്‍ഭിണികളിലാണ് പഠനം നടത്തിയത്. ഇവരുടെ രക്തത്തിലെ അസെറ്റാമിനോഫെന്റെ അളവ് ഗവേഷകര്‍ നിരീക്ഷിച്ചു. അസെറ്റാമിനോഫെന്‍ ഉപയോഗിച്ച സ്ത്രീകള്‍ക്കുണ്ടാകുന്ന കുട്ടികള്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് എഡിഎച്ച്ഡി ഉണ്ടാകാനുള്ള സാധ്യത മൂന്നിരട്ടിയാണെന്ന് പഠനത്തില്‍ കണ്ടെത്തി. ഗര്‍ഭാവസ്ഥയില്‍ മാതാവ് അസെറ്റാമിനോഫെന്‍ ഉപയോഗിച്ച പെണ്‍കുട്ടികളില്‍ 10 വയസ്സിനുള്ളില്‍ എഡിഎച്ച്ഡി പിടിപെടാനുള്ള സാധ്യത ആറിരട്ടിയാണെന്നും പഠനം ചൂണ്ടിക്കാട്ടി. ഓണ്‍ലൈന്‍ ജേണലായ നേച്ചര്‍ മെന്റല്‍ ഹെല്‍ത്തിലാണ് പഠനം പ്രസിദ്ധീകരിച്ചത്. പാരസീറ്റമോള്‍ അഥവാ അസെറ്റാമിനോഫെന്റെ അമിത ഉപയോഗം ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകാം. ഗര്‍ഭകാലത്തെ അസെറ്റാമിനോഫെന്‍ ഉപയോഗം എഡിഎച്ച്ഡിയ്ക്ക് കാരണമായോക്കാമെന്നാണ് പുതിയ പഠനം പറയുന്നതെങ്കിലും പഠനത്തിന് കുറച്ചുകൂടി ആധികാരികത ലഭിക്കാനുണ്ടെന്ന് ഗവേഷകര്‍ വ്യക്തമാക്കി.