പട്ടികജാതി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി ഹെല്‍ത്ത് കാര്‍ഡ് വിതരണോദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു

പട്ടികജാതി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി ഹെല്‍ത്ത് കാര്‍ഡ് വിതരണോദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. ആരോഗ്യമുള്ള തലമുറകള്‍ക്കായുള്ള സര്‍ക്കാരിന്റെ നിക്ഷേപമാണ് വിദ്യാര്‍ത്ഥികള്‍ക്കുള്ള ഹെല്‍ത്ത് കാര്‍ഡെന്ന് മന്ത്രി വ്യക്തമാക്കി . ഹെല്‍ത്ത് കാര്‍ഡില്‍ ഉള്‍പ്പെടുത്തുന്ന വിവരങ്ങളെ അടിസ്ഥാനമാക്കി 12-ാം ക്ലാസുവരെ ഓരോ വിദ്യാര്‍ത്ഥികളുടേയും ആരോഗ്യാവസ്ഥ സര്‍ക്കാര്‍ സമഗ്രമായി നിരീക്ഷിച്ച് കുറവുകളുണ്ടെങ്കില്‍ പരിഹരിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഹെല്‍ത്ത് കാര്‍ഡ് നല്‍കുന്ന പദ്ധതി പട്ടികജാതി വികസന വകുപ്പാണ് ആദ്യമായി പൂര്‍ത്തീകരിച്ചത്. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെയും പ്രീ മെട്രിക് ഹോസ്റ്റലുകളിലെയും എല്ലാ വിദ്യാര്‍ത്ഥികളെയും ബുധനാഴ്ച പ്രാഥമിക പരിശോധനകള്‍ക്ക് വിധേയരാക്കുകയും ചെയ്തു. വിവരങ്ങള്‍ ഹെല്‍ത്ത് കാര്‍ഡില്‍ രേഖപ്പെടുത്തുകയും തുടര്‍ന്ന് 3 മാസം കൂടുമ്പോള്‍ തുടര്‍ പരിശോധനകള്‍ നടത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതാണ്. 10 എം ആര്‍ എസുകളിലായി 2043 കുട്ടികൾ, 84 പ്രീ മെട്രിക് ഹോസ്റ്റലുകളിലെ 2130 കുട്ടികൾ, തുടങ്ങിയവര്‍ ഉള്‍പ്പെടെ 4173 കുട്ടികള്‍ക്കാണ് ഹെല്‍ത്ത് കാര്‍ഡ് നല്‍കുക. പോഷകാഹാര ന്യൂനതകള്‍, പൊതു ആരോഗ്യനില, വിളര്‍ച്ച, മറ്റു രോഗ സാധ്യതകള്‍, സ്വഭാവ-പഠന വൈകല്യങ്ങള്‍, ശുചിത്വ കാര്യങ്ങള്‍ എന്നിവ ക്രമമായി നിരീക്ഷിക്കും.