കുടിശിക നൽകാത്തതിനാൽ മരുന്നുവിതരണത്തിൽ നിന്ന് കമ്പനികൾ പിൻവാങ്ങുന്നതായി റിപ്പോർട്ട്

കുടിശിക നൽകാത്തതിനാൽ മരുന്നുവിതരണത്തിൽ നിന്ന് കമ്പനികൾ പിൻവാങ്ങുന്നതായി റിപ്പോർട്ട്. നാലുവർഷത്തെ കുടിശിക ഈ സാമ്പത്തിക വർഷം കൊടുത്തു തീർക്കും എന്ന കേരള മെഡിക്കൽ സർവീസസ് കോർപറേഷന്റെ ഉറപ്പ് ലംഘിക്കപ്പെട്ടതിനെ തുടർന്ന് അടുത്ത വർഷത്തെ മരുന്നു വിതരണത്തിൽ നിന്ന് കമ്പനികൾ പിൻവാങ്ങുന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാകുന്നത്. ടെൻഡർ തുറക്കുന്നതിനു മുൻപ് പിൻവലിക്കാമെന്ന വ്യവസ്ഥ പ്രകാരം പിന്മാറുകയാണെന്നു കാണിച്ചാണ് കമ്പനികൾ നോട്ടിസ് നൽകിയത്. ആശുപത്രികളിൽ കടുത്ത മരുന്നുക്ഷാമത്തിനു വഴിവയ്ക്കുന്ന സർക്കാർ നടപടികളുടെ തുടർച്ചയാണ് മരുന്നു വിതരണത്തിൽ നിന്ന് കമ്പനികളുടെ മുഖംതിരിക്കൽ. 2020 മുതലുള്ള 600 കോടിയോളം രൂപയുടെ കുടിശികയിൽ നിന്ന്150 കോടി രൂപ മാത്രമാണ് ഇതുവരെ കമ്പനികൾക്കു കൊടുത്തത്. 150 കോടി കൂടി മാർച്ച് 31നു മുൻപ് നൽകുമെന്നും ശേഷിക്കുന്ന തുക വായ്പയെടുത്ത് നൽകുമെന്നും ഉറപ്പു നൽകിയതിനെ തുടർന്നാണ് 187 കമ്പനികൾ ഫെബ്രുവരി രണ്ടാം വാരം ടെൻഡർ സമ‍ർപ്പിച്ചത്. എന്നാൽ ഈ സാമ്പത്തിക വർഷത്തെ മൂന്നാംപാദ മരുന്നുവിതരണവും പൂർത്തിയാക്കിയിരുന്നു. രണ്ടാം ഘട്ടത്തിലെ 150 കോടി നൽകാനുള്ള ഒരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല. 2025നു ശേഷം ഒരു ബില്ലും ട്രഷറിയിലേക്കു നൽകേണ്ടതില്ല എന്ന നിർദേശം കൂടി കഴിഞ്ഞ ദിവസം വന്നതോടെ ഈ സാമ്പത്തിക വർഷം ഇനി കുടിശിക കിട്ടും എന്ന് കമ്പനികൾക്ക് ഉറപ്പില്ല.