കണ്ണൂരില്‍ മരുന്നുമാറി ഗുരുതരാവസ്ഥയിലായ കുഞ്ഞ് സുഖംപ്രാപിക്കുന്നതായി റിപ്പോര്‍ട്ട്. ഡോക്ടര്‍ നിര്‍ദേശിച്ച മരുന്നിനു പകരം മെഡിക്കല്‍ ഷോപ്പില്‍ നിന്നു മാറിനല്‍കിയ മരുന്ന് കഴിച്ചു ഗുരുതരാവസ്ഥയിലായ, എട്ടുമാസം പ്രായമുള്ള ആണ്‍കുഞ്ഞ് ആരോഗ്യം വീണ്ടെടുത്തുതുടങ്ങി. ലിവര്‍ എന്‍സൈമുകള്‍ സാധാരണനിലയിലേക്കു വന്നെന്ന് കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ കുട്ടിയെ ചികിത്സിക്കുന്ന ഡോ. എം.കെ.നന്ദകുമാര്‍ വ്യക്തമാക്കി. പനിയെത്തുടര്‍ന്ന് ശനിയാഴ്ചയാണ് കുഞ്ഞിനെ ക്ലിനിക്കില്‍ കാണിച്ചത്. ഡോക്ടര്‍ എഴുതിയ സിറപ്പിനു പകരം മെഡിക്കല്‍ ഷോപ്പില്‍ നിന്നു നല്‍കിയത് അതേ ബ്രാന്‍ഡിന്റെ ഡ്രോപ്‌സാണ്. ശനിയാഴ്ച രാത്രിയും ഞായറാഴ്ച രണ്ടുനേരവും 5 മില്ലിലീറ്റര്‍ വീതമാണ് കുട്ടിക്ക് മരുന്ന് നല്‍കിയത്. മരുന്ന് വേഗം തീര്‍ന്നതോടെ സംശയം തോന്നിയ രക്ഷിതാക്കൾ ഡോക്ടറെ വീണ്ടും സന്ദര്‍ശിക്കുകയയിരുന്നു. തുടര്‍ന്നാണ് മരുന്ന് മാറിയെന്നും കൂടുതല്‍ അളവില്‍ മരുന്ന് ഉള്ളില്‍ ചെന്നിട്ടുണ്ടെന്നും രക്ഷിതാക്കള്‍ അറിഞ്ഞത്. ലിവര്‍ എന്‍സൈമുകളുടെ അളവ് ക്രമാതീതമായി ഉയര്‍ന്നതിനാല്‍ കരള്‍ മാറ്റിവയ്‌ക്കേണ്ട അവസ്ഥയായിരുന്നുവെന്ന് കുഞ്ഞിന്റെ പിതാവ് ഇ.പി.സമീര്‍ വ്യക്തമാക്കിയിരുന്നു. മെഡിക്കല്‍ ഷോപ്പിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.